തിയേറ്ററുകള്‍ ആഗസ്റ്റില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

0

കൊച്ചി : കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ തീയറ്ററുകള്‍ അടച്ചിട്ടതുമൂലമുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ പകുതി ആളുകളെമാത്രം പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്തിയാലും സാമ്പത്തികമായി വന്‍നഷ്ടമായിരിക്കും ഉണ്ടാവുകയെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. എന്നാല്‍ അണ്‍ലോക്ക് പ്രക്രിയ രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ ആഗസ്റ്റില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.

200 ലധികം സിനിമകള്‍ റിലീസാകാനുണ്ട്. തിയേറ്ററുകള്‍ അടച്ച സമയത്ത് ഓടിക്കൊണ്ടിരുന്ന സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. മലയാളത്തില്‍ ഉള്‍പ്പെടെ വലിയ ബഡ്ജറ്റിലുള്ള സിനിമകള്‍ ഇറങ്ങാനുണ്ട്. ഇപ്പോള്‍ റിലീസ് ചെയ്യുന്നത് സാമ്പത്തികമായി മെച്ചമാകില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ ഓപ്പറേറ്റര്‍ വരെ ജോലിയില്ലാതെ കഴിയുകയാണ്.

സിനിമകളുടെ റിലീസ് വൈകുന്തോറും വലിയ ബാധ്യതയുണ്ടാകുമെന്നും പണം പലിശയ്ക്ക് എടുത്ത നിര്‍മാതാക്കള്‍ വലിയ കടത്തിലേക്ക് നീങ്ങുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് തിയേറ്ററുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. അതേസമയം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അമിത് ഖരെ സിനിമാ നിര്‍മാതാക്കളുടെ സംഘടന, തിയേറ്റര്‍ ഉടമകളുടെ സംഘടന, വിതരണക്കാര്‍ എന്നിവരുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വ്യവസായത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ബാധ്യത അവര്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് തിയേറ്ററുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശം ഉന്നയിച്ചത്.

Leave A Reply

Your email address will not be published.