സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എ മാരും ശമ്പളത്തിന്റെ മുപ്പത് ശതമാനം നല്‍കണം : ശിവരാജ് സിംഗ് ചൗഹാന്‍

0

ഭോപ്പാല്‍: കൊവിഡ് വ്യാപന പ്രതിസന്ധിയില്‍ സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എ മാരും ശമ്പളത്തിന്റെ മുപ്പത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ശിവരാജ് സിംഗ് ചൗഹാന്‍. എല്ലാ നിയമസഭാംഗങ്ങളും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുമെന്ന് നഗരവികസന വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് അറിയിച്ചു.

‘നിങ്ങള്‍ക്കെല്ലാവര്‍ക്കും സമ്മതമാണെങ്കില്‍, നമ്മളെല്ലാവരും ശമ്പളത്തിന്റെ 30 ശതമാനം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. പകര്‍ച്ച വ്യാധി നിയന്ത്രണത്തിലാകുന്നത് വരെ. അത് ചിലപ്പോള്‍ ഓഗസ്റ്റോ സെപ്റ്റംബറോ ഒക്ടോബറോ ആയിരിക്കാം.’ സംസ്ഥാന മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി. ‘എംഎല്‍എമാരോടും അവരുടെ ശമ്പളത്തിന്റെ മുപ്പത് ശതമാനം സംഭാവനയായി നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജനങ്ങളോടും ഇതേ കാര്യം തന്നെയാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.’ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

അതേസമയം കൊവിഡ് പരിശോധന ക്യാംപെയ്ന്‍ രണ്ടാം ഘട്ടം ഓഗസ്റ്റ് 1 മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും കൊവിഡ് ബാധയുടെ ശൃംഖല തകര്‍ക്കും. ഈ സമയത്ത് എംഎല്‍എമാര്‍, മന്ത്രിമാര്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ യാതൊരു തരത്തിലുള്ള റാലികളോ സമ്മേളനങ്ങളോ നടത്താന്‍ പാടില്ല. ഉദ്ഘാടനങ്ങളും ചടങ്ങുകളും ജനക്കൂട്ടങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. ഇവയെല്ലാം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തുക.’ മുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.