രാജ്യത്ത് 6 അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി.

0

ന്യൂഡല്‍ഹി: രാജ്യത്ത് 6 അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇതിനായി 42000 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ആയുധങ്ങളുടെ തദ്ദേശവത്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ തയ്യാറാക്കിയ സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് പോളിസി പ്രകാരമാണ് അന്തര്‍വാഹിനി നിര്‍മിക്കുന്നത്. വിദേശ കമ്പനികളുടെ സഹകരണത്തോടെയാവും നിര്‍മാണം. പ്രോജക്ട് 75ഐ എന്ന് പേരിട്ടിരിക്കുന്ന അന്തര്‍വാഹിനി നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള മസഗോണ്‍ ഡോക്ക്സ് ലിമിറ്റഡ്, സ്വകാര്യ കപ്പല്‍ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളില്‍ നിന്നാണ് താത്പര്യപത്രം ക്ഷണിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. 50 ഡീസല്‍ ഇലക്ട്രിക്, അന്തര്‍വാഹിനികളും 10 ആണവ അന്തര്‍വാഹിനികളുമാണ് ചൈനയ്ക്കുള്ളത്. പാകിസ്താന്റെ പക്കല്‍ അഞ്ച് അന്തര്‍വാഹിനികളുണ്ട്. അത്യാധുനിക എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുള്ള എട്ടെണ്ണം ചൈനയില്‍ നിന്ന് വാങ്ങാന്‍ പാകിസ്താന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. 20 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള ഇവ 13 എണ്ണമാണ് ഇന്ത്യയുടെ പക്കലുള്ളത്. രണ്ട് പുതിയ സ്‌കോര്‍പ്പീന്‍ ക്ലാസ് അന്തര്‍വാഹിനികളും രണ്ട് ആണവ അന്തര്‍വാഹിനിളും നാവിക സേനയ്ക്കുണ്ട്.

Leave A Reply

Your email address will not be published.