ഉത്തര്‍പ്രദേശില്‍ ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു

0

ലക്നൗ: ഉത്തര്‍പ്രദേശില്‍ ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പോലീസിന്റെ രേഖാചിത്രത്തിലൂടെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. നാടന്‍ മദ്യവുമായി പോയ പ്രതിയെ കുറിച്ച് നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയെങ്കിലും അവര്‍ എത്തും മുന്‍പ് പ്രതി മുങ്ങി. അമ്രാഹയിലെ ഗജ്രൗള മഹമൂദ്പുര്‍ സ്വദേശിയായ ദല്‍പത് ആണ് പ്രതിയെന്നാണ് നാട്ടുകാര്‍ അറിയിച്ചത്.

പ്രതിക്കായി പോലീസ് ഹപൂരിലെ ഗര്‍ഹ്, ഗജ്രൗള എന്നിവിടങ്ങളിലെ വനമേഖലയില്‍ കഴിഞ്ഞ ആറു ദിവസമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച ഇയാള്‍ നാട്ടിലെത്തിയത്. വ്യാഴാഴ്ച ഹപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വീടിനു മുന്നില്‍ നിന്ന് കളിക്കുന്നതിനിടെയാണ് പ്രതി ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയത്. പിന്നീട് കുറച്ചകലെയുള്ള വയലില്‍ നിന്ന് ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്കുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് വലിയ തോതില്‍ രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ദൃക്സാക്ഷികളായ സ്ത്രീകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ മൂന്ന് രേഖാചിത്രങ്ങള്‍ പോലീസ് തയ്യാറാക്കിയത്. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.