റിയല്‍മിയുടെ സി12, സി15 ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു

0

റിയൽമിയുടെ എൻട്രി ലെവൽ സി-സീരീസിലേക്ക് റിയൽമി സി12, സി15 ബജറ്റ് സ്മാർട്ട്‌ഫോണുകൾ കൂടി അവതരിപ്പിച്ചു. റിയൽമി സി 11 സ്മാർട്ട്ഫോണിന് ശേഷം ഈ സിരിസിൽ പുറത്തിറക്കിയിരിക്കുന്ന സി12, സി15 സ്മാർട്ട്ഫോണുകൾക്ക് സമാനതകൾ ഏറെയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡിസൈനും ബാറ്ററിയും പ്രോസസറുമാണ്. റിവേഴ്സ് ചാർജിങ് ഫീച്ചറും ഇരു ഫോണുകൾക്കും ഉണ്ട്.

ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റിയൽമി സി11ന്റെ പുതുക്കിയ പതിപ്പായിട്ടാണ് റിയൽ‌മി സി 12 രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിയൽ‌മി സി15ലൂടെ സി സീരിസിലേക്ക് ക്വാഡ് ക്യാമറകളും 4 ജിബി റാമുമുള്ള ഡിവൈസ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

രണ്ട് ഡിവൈസുകളും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും സമാനമായ ഡിസൈനുമായിട്ടാണ് വരുന്നത്. റിയൽ‌മി സി 12, റിയൽ‌മി സി 15 എന്നിവയ്ക്ക് പിന്നിൽ ഫിംഗർ‌പ്രിൻറ് സെൻസറും ഉണ്ട്. ഫോണുകൾ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇരു ഫോണുകൾക്കും റിവേഴ്സ് ചാർജിംങ് സപ്പോർട്ടും ഉണ്ട്.

ഇന്ത്യയിൽ റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിന് 8,999 രൂപയാണ് വില. റിയൽ‌മി സി15 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റായ 3 ജിബി + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയാണ് വില. 4 ജിബി + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 10,999 രൂപയാണ് വില.

റിയൽ‌മി സി12, സി15 എന്നീ രണ്ട് ഫോണുകളും പവർ ബ്ലൂ, പവർ സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. റിയൽമി സി12 ഓഗസ്റ്റ് 24ന് വിൽപ്പനയ്‌ക്കെത്തും, റിയൽമി സി15 ഓഗസ്റ്റ് 27 മുതൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമെ.കോം വഴിയാണ് ഇരു ഡിവൈസുകളും ലഭ്യമാവുക. റിയൽ‌മി സി 12ന്റെ ഓഫ്‌ലൈൻ വിൽ‌പന ഓഗസ്റ്റ് 31 നും റിയൽ‌മി സി 15ന്റെ ഓഫ്‌ലൈൻ വിൽ‌പന സെപ്റ്റംബർ 3നും ആരംഭിക്കും.

ഡ്യുവൽ നാനോ സിം സ്ലോട്ടുകളുള്ള റിയൽ‌മി സി 12 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേ, 20: 9 അസ്പാക്ട് റേഷിയോ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 3 ജിബി എൽപിഡിആർആർ 4 എക്സ് റാം റാമും ഉണ്ട്.

13 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി സി12 സ്മാർട്ട്‌ഫോണിലുള്ളത്. ക്യാമറ സെറ്റപ്പിൽ ഒരു എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ് ഉള്ളത്. സെൽഫികൾക്കായി, റിയൽമി സി12 സ്മാർട്ട്ഫോണിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. എഫ് / 2.4 ലെൻസാണ് ഈ സെൻസറിൽ നൽകിയിട്ടുള്ളത്. AI ബ്യൂട്ടി, എച്ച്ഡിആർ, പനോരമ, ടൈംലാപ്സ് എന്നീ സവിശേഷതകളും ഈ സെൽഫി സപ്പോർട്ട് ചെയ്യുന്നു.

റിയൽ‌മി സി12 സ്മാർട്ട്ഫോണിൽ 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി ഒരു കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിങ്ങനെയുള്ള സെൻസറുകളും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

റിവേഴ്‌സ് ചാർജിങ് സപ്പോർട്ടുള്ള റിയൽമി സി12 സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ബാറ്ററി 2.9 ദിവസം വരെ ചാർജ് നിലനിൽക്കുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. ഇതിനായി ഒരു സൂപ്പർ പവർ സേവിംഗ് മോഡും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ അളവ് 164.5×75.9×9.8 എംഎം ആണ്. 209 ഗ്രാമാണ് ഡിവൈസിന്റെ ഭാരം.

Leave A Reply

Your email address will not be published.