കൊവിഡ് പ്രതിരോധ വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ട്

0

ദില്ലി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്ക്കാലികമായി നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ട്. ഡിസിജിഐ തീരുമാനത്തിന് ശേഷം തുടര്‍ പരീക്ഷണം എന്ന് സീറം തീരുമാനിച്ചതായാണ് വിവരം. വാക്‌സിന്‍ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയില്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി വച്ചതിനു പിന്നാലെ ഡിസിജിഐ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

അമേരിക്കയില്‍ മരുന്ന് പരീക്ഷണം നിര്‍ത്തിയിട്ടും ഇന്ത്യയില്‍ തുടരാന്‍ ഇടയായ സാഹചര്യം വിശദികരിക്കാനാവശ്യപ്പെട്ടാണ് ഡിസിജിഐ ഇന്നലെ നോട്ടീസ് നല്‍കിയത്. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്‌സിന്‍ പരീക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്കിയില്ല എന്നീ ചോദ്യങ്ങളുന്നയിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അമേരിക്കയില്‍ നിര്‍ത്തിവച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലായിരുന്നു പരീക്ഷണം നടന്നിരുന്നത്. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തിയത്.

Leave A Reply

Your email address will not be published.