ആറന്മുള സ്വദേശിയിൽനിന്ന്‌ 28 ലക്ഷം തട്ടിയതായി പരാതി; കുമ്മനം രാജശേഖരനെതിരെ കേസെടുത്തു

0

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരൻ നാലാം പ്രതി. ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പി എ പ്രവീണാണ് ഒന്നാംപ്രതി. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്

മൂന്നാം പ്രതി സേവ്യർ കുമ്മനം മിസോറാം ഗവർണർ ആയിരിക്കുമ്പോൾ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അഞ്ചാം
പ്രതി ഹരി ബിജെപി ഐടി സെൽ കൺവീനറാണ്‌.

ആറന്മുള സ്വദേശിയായ ഹരികൃഷ്‌ണന്റെ പക്കൽ നിന്നും ഇരുപത്തിയെട്ടേ മുക്കാൽ ലക്ഷം രൂപ ഒരു കമ്പനിയിൽ പാർട്‌ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസിന് ആസ്‌പദമായ സംഭവം. കുമ്മനം ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുമ്മനം മിസോറാം ഗവർണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പണം കൈപ്പറ്റിയ ശേഷം പാർട്ണർഷിപ്പ് നടപടികളിലേക്ക് നീങ്ങിയില്ലെന്നും വർഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കൽ നിന്നും വായ്‌പ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ആറന്മുള പൊലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. മറ്റൊരു ബിജെപി നേതാവായ ഹരികുമാറും കേസിൽ പ്രതിയാണ്.

Leave A Reply

Your email address will not be published.