ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി ജോസ് കെ മാണിയും കേരളാ കോൺഗ്രസ് എമ്മും.

0

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി ജോസ് കെ മാണിയും കേരളാ കോൺഗ്രസ് എമ്മും. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിൽ ജോസ് കെ മാണി ഔദ്യോഗിക ഘടകകക്ഷിയാക്കിക്കൊണ്ടുള്ള ധാരണ പാസായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയിരുന്നു. പക്ഷെ മുഖ്യമന്ത്രിയായിരുന്നു ഇടപെട്ടത്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നുമാണ് മുഖ്യമന്ത്രിയുടെ മതം.

എൽഡിഎഫ് കൺവീനറായ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിർദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉൾപ്പടെയുള്ളവർ , അംഗീകരിച്ചു. മുന്നണി അംഗത്വത്തിന് എല്ലാ ഘടകകക്ഷികളുടെയും അംഗീകാരത്തോടെ, കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഔദ്യോഗിക ഘടകകക്ഷിയായി തീർന്നു.

പാലായിൽ എന്തെങ്കിലും ധാരണയുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടത്. ഇപ്പോൾ എൻസിപി നേതാവ് മാണി സി കാപ്പനാണ് പാലാ എംഎൽഎ. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചായിരുന്നു മാണി സി കാപ്പന്റെ വിജയം. അത്രയും കടുത്ത പോരാട്ടത്തിലൂടെ പിടിച്ചെടുത്ത സീറ്റ് അങ്ങനെ വിട്ടുനൽകാൻ എൻസിപിക്കും താൽപ്പര്യമില്ല.

എന്നാൽ അക്കാര്യങ്ങളെല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രി നിർദേശിച്ചത്.നിലവിൽ കേരളാ കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി പക്ഷം എൽഡിഎഫിലേക്ക് വരുന്നത് മുന്നണിക്ക് ഗുണമാണ് ചെയ്യുന്നത്. യുഡിഎഫ് ബലവും ക്ഷയിക്കും. അതിനാൽ അക്കാര്യത്തിനാണ് ഇവിടെ പ്രസക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.