എം.ശിവശങ്കറിൻ്റെ പണമിടപാട് സംബന്ധിച്ച വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്

0

കൊച്ചി: സ്വർണക്കടത്തു കേസിൽ  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ പണമിടപാട് സംബന്ധിച്ച വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. ഇന്ന് പുറത്തു വന്ന വിവരങ്ങൾ ശിവശങ്കർ പണമിടപാടിൽ ഇടപെട്ടുവെന്നതിന് ആധാരമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്സാപ്പ് ചാറ്റാണ്. ശിവശങ്കറും ചാർട്ടേഡ് അക്കൌണ്ടൻ്റ് വേണുഗോപാലും തമ്മിലുള്ള   ചാറ്റ് വിവരങ്ങളാണ് പുറത്തു വന്നത്.

സ്വപ്നയെ മറയാക്കി ശിവശങ്കർ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം ഇഡി ഹൈക്കോടതിയിൽ  ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് വെളിപ്പെടുത്തിയിരുന്നു. ഈ ചാറ്റിൻ്റെ വിശദാംശങ്ങൾ ഇഡി സീൽ വച്ച കവറിൽ ഹൈക്കോടതിയിൽ ഏൽപ്പിക്കുകയും  ചെയ്തു. ഈ വാട്സാപ്പ് ചാറ്റിലെ ഏതാനും  വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

നികുതി വിദഗ്ദ്ധനും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ വേണു​ഗോപാൽ ശിവശങ്കറിൻ്റെ സുഹൃത്ത് കൂടിയാണ്. സ്വപ്നയ്ക്ക് വേണ്ടി ലോക്കറിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പിൽ ചർച്ച ചെയ്തിട്ടുണ്ട്. നിക്ഷേപം ഏതെല്ലാം രീതിയിൽ കൈകാര്യം ചെയ്യണമെന്നു തുടങ്ങി പലതും ശിവശങ്കർ വേണു​ഗോപാലിൽ നിന്നും  ചോദിച്ചറിയുന്നുണ്ട്.  2018  നവംബറോട് കൂടിയാണ്   ഇരുവരും തമ്മിലുള്ള ചാറ്റിംഗിന്റെ  ആരംഭം.

 ഇഡി നടത്തിയ ചോദ്യം ചെയ്യലിൽ 35 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ  ശിവശങ്കർ ഇല്ല എന്നാണ്  മറുപടി നൽകിയത്. വേണു​ഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നോ  എന്ന് ചോദിച്ചപ്പോഴും അദ്ദേഹം ഇല്ല എന്ന ഉത്തരമാണ് നൽകിയത്. സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് ശിവശങ്കർ സ്ഥാപിക്കാൻ  ശ്രമിച്ചതെങ്കിലും ഈ വാദത്തിനു എതിരായ  വിവരങ്ങളാണ് വാട്സാപ്പ് ചാറ്റിലൂടെ വ്യക്തമാകുന്നത്.

Leave A Reply

Your email address will not be published.