സ്പേസ് പാർക്ക് നിയമനത്തിൽ ക്രമക്കേട് വ്യക്തമായിട്ടും നടപടിയില്ല

0

സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്ക് നിയമനത്തിൽ ക്രമക്കേട് വ്യക്തമായിട്ടും തുടർ നടപടിയെടുക്കാതെ അലസ നീക്കവുമായി സർക്കാർ. പൊലീസിൻ്റെ ശുപാർശ ഡി.ജി.പി കൈമാറിയിരുന്നു. എന്നിട്ടും വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകാതെ സർക്കാർ ഒളിച്ചു കളി നടത്തുകയാണ്. ഐ ടി വകുപ്പിന്റെ നിയമനങ്ങളിൽ കൃത്രിമം നടന്നോ എന്ന് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ധനകാര്യ പരിശോധനാ വിഭാഗവും മൂന്നര മാസത്തിനു ശേഷവും റിപ്പോർട്ട് നൽകാൻ കൂട്ടാക്കിയില്ല.
സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്പേസ് പാർക്ക് പിഎംയുവിൽ ജോലി ചെയ്യുന്ന സാഹചര്യത്തിലും സ്വപ്ന പല തവണ സ്വർണം കടത്തി എന്നത് വ്യക്തമാണ്. എന്നാൽ സ്പേസ് പാർക്കിലെ ജോലിയെ സ്വപ്ന എന്തൊക്കെ കാര്യങ്ങൾക്ക് ഉപയോഗിച്ചു എന്ന് അറിയാൻ സർക്കാർ വിമുഖത പ്രകടിപ്പിക്കുന്നു. വെറും പത്താം ക്ലാസ്സ്‌വിദ്യാഭ്യാസ യോഗ്യതയുള്ള സ്വപ്ന, വ്യാജ സർട്ടിഫിക്കറ്റോടെ ശിവശങ്കറിൻ്റെ സഹായത്തോടെയാണ് ജോലിക്ക് കയറിയതെന്ന് ചീഫ് സെക്രട്ടറിതല പരിശോധനയിൽ വ്യക്തമാണ്. ഇതിൽ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. വ്യാജ സർട്ടിഫിക്കറ്റുമായി ജോലിക്കു കയറിയ സ്വപ്നക്ക് സർക്കാർ ശമ്പളമായി ഇരുപത് ലക്ഷം രൂപയാണ് ലഭിച്ചതെന്ന് അന്വഷണത്തിൽ ബോധ്യപ്പെട്ട പൊലീസ് വിജിലൻസ് അന്വേഷണമാണ് ഉചിതമെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ ഈ റിപ്പോർട്ട് DGP ലോക്നാഥ് ബെഹ്റ തന്നെയാണ് സർക്കാരിന് കൈമാറിയിരുന്നത്. എന്നാൽ ഒരു നടപടിയും ഇക്കാര്യത്തിൽ എടുത്തിട്ടില്ല. എറണാകുളം സ്വദേശിയായ ചെഷയർ എന്നയാളും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകയിട്ടുണ്ട്. പുതിയ നിയമ ഭേദഗതി പ്രകാരം സർക്കാരിന്റെ ആവശ്യ പ്രകാരമേ വിജിലൻസിന് കേസെടുത്ത് അന്വേഷിക്കാനാകു.
എന്നാൽ കിട്ടിയ പരാതി വിജിലൻസ് ഈ കാരണം പറഞ്ഞ് കൈമാറിയത് സ്വപ്നയെ നിയമിച്ച ഐടി വകുപ്പിനായിരുന്നു. മൂന്നു മാസം കഴിഞ്ഞെങ്കിലും ഐടി വകുപ്പ് തുടർ നടപടിയൊന്നും സ്വീകരിച്ചതായി കാണുന്നില്ല. ഐ.ടി സെക്രട്ടറി ഇതു സംബന്ധിച്ച് പ്രതികരിക്കാനും തയ്യാറായില്ല. സ്വപ്ന വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയതിനെ തുടർന്ന് ഐ.ടി വകുപ്പിലെ മുഴുവൻ നിയമനങ്ങളും പരിശോധിക്കാൻ ജൂലൈ 17ന് ധനകാര്യ പരിശോധനാ വിഭാഗത്തിലെ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നര മാസം കഴിഞ്ഞെങ്കിലും ഈ അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് പോലും നൽകാൻ തയ്യാറായില്ല. ഇടതുപക്ഷ അനുഭാവികളെ കുത്തിനിറച്ചാണ് അന്വേഷണ സംഘം രൂപീകരിച്ചതെന്നാണ് വിമർശനം.

Leave A Reply

Your email address will not be published.