‘എ സ്യൂട്ടബിള്‍ ബോയ് ‘ സീരീസിലെ രംഗത്തെച്ചൊല്ലി ട്വിറ്ററില്‍ തര്‍ക്കം

0

നെറ്റ്ഫ്ളിക്സില്‍ സംപ്രേഷണം ചെയ്യുന്ന മിനി സിരീസിലെ രംഗത്തെച്ചൊല്ലി ട്വിറ്ററില്‍ തര്‍ക്കം. പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍ ഒരുക്കിയ ‘എ സ്യൂട്ടബിള്‍ ബോയ് ‘ എന്ന മിനി സീരീസിലെ രംഗത്തെച്ചൊല്ലിയാണ് ട്വിറ്ററില്‍ ചര്‍ച്ച ചൂടുപിടിയ്ക്കുന്നത്. സിരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്രപരിസരത്തു വച്ച്‌ ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടി ഒരു വിഭാഗം നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്കരണാഹ്വാനം മുഴക്കുമ്പോള്‍ ഇത്തരമൊരു രംഗത്തിന്‍റെ പേരില്‍ നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തെ എതിര്‍ക്കുന്നവരുമുണ്ട്.

ഈ ചുംബനരംഗം ഉള്‍പ്പെടെയാണ് ഒരു വിഭാഗം ട്വിറ്ററില്‍ #BoycottNetflix എന്ന ഹാഷ് ടാഗോടെ ക്യാംപെയ്‍ന്‍ നടത്തുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന പ്രശസ്ത നോവലാണ് മീര നായര്‍ അതേ പേരില്‍ മിനി സിരീസ് ആക്കിയത്.ബിബിസിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറില്‍ ജൂലൈ 26ന് ആദ്യം പ്രദര്‍ശനത്തിനെത്തിയെങ്കീലും സിരീസ് മാസങ്ങള്‍ക്കിപ്പുറമാണ് നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം ആരംഭിച്ചത്.
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവ് ഈ മാസം 11നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഉത്തരവുപ്രകാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിനിമ, ഡോക്യുമെന്‍ററി, വാര്‍ത്ത, രാഷ്ട്രീയ സംഭവങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.

Leave A Reply

Your email address will not be published.