ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടേത് കൊലപാതകം;ഭര്‍ത്താവ് അറസ്റ്റിൽ 

0

മഞ്ചേരി: ഭര്‍തൃവീടിന്‍റെ മുറ്റത്തുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞു.കൂമംകുളം നല്ലൂര്‍ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്. പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഭാര്യക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ആവശ്യപ്പെട്ടു.എന്നാല്‍ വിനിഷ ഇത് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ . വാക് തര്‍ക്കത്തിനിടയില്‍ ഭര്‍ത്താവായ പ്രസാദ് വിനിഷയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിനിഷ മരിച്ചു.
മഞ്ചേരി അഡീഷണല്‍ എസ് ഐ ഉമ്മര്‍ മേമന ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് മഞ്ചേരി സിഐയോട് പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തു നിന്ന് ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രസാദിനെ ചോദ്യം ചെയ്തു.സി ഐ സി അലവി അറസ്റ്റ് ചെയ്ത പ്രസാദിനെ ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം കുറ്റകരമായ നരഹത്യ കേസെടുത്ത്
മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.

Leave A Reply

Your email address will not be published.