ഉറുസിന്റെ ഇന്ത്യയിലെ വില്പന 100 യൂണിറ്റ് കടന്നെന്ന് ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഓട്ടമൊബിലി ലംബോര്‍ഗിനി. ഷോറൂമില്‍ 3.15 കോടിയോളം രൂപ വിലമതിക്കുന്ന ‘ഉറുസി’ന്റെ ഇന്ത്യന്‍ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തിനിടെയാണ് ‘ഉറുസ്’ ഇന്ത്യയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
‘ഉറുസി’നു തകര്‍പ്പന്‍ വരവേല്‍പ്പാണ് ഇന്ത്യയില്‍ ലഭിച്ചതെന്നാണു ലംബോര്‍ഗിനിയുടെ വിലയിരുത്തല്‍. 2.2 ടണ്ണോളം ഭാരമുണ്ടെങ്കിലും നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ‘ഉറുസി’ന് വെറും 3.6 സെക്കന്‍ഡ് മതിയെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം. അത്യാംഡബര കാര്‍ വിപണിയില്‍ സ്വന്തം ഇടം ഉറപ്പിക്കാന്‍ ‘ഉറുസി’നു സാധിച്ചതായി ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍ വിലയിരുത്തുന്നു.
2019ല്‍ 4962 യൂണിറ്റ് വില്‍പ്പനയോടെ ലംബോര്‍ഗിനിയുടെ ശ്രേണിയിലെ തന്ത്രപ്രധാന മോഡലായി ‘ഉറുസ്’ മാറി. കഴിഞ്ഞ ജൂലൈയില്‍ ‘ഉറുസ്’ നിര്‍മാണം 10,000 യൂണിറ്റ് തികഞ്ഞിരുന്നു. അരങ്ങേറ്റം കുറിച്ച് വെറും രണ്ടു വര്‍ഷത്തിനുള്ളിലായിരുന്നു ഈ ഉജ്വല നേട്ടം.