വെടിവയ്പിലും തളരാതെ മ്യാൻമർ പ്രക്ഷോഭം

0

യാങ്കൂൺ ∙ മ്യാൻമർ വീണ്ടും കിരാതമായ പട്ടാള ഭരണത്തിലേക്കു നീങ്ങുന്നു. ജനാധിപത്യ പ്രക്ഷോഭകർക്കു നേരെ ബുധനാഴ്ച പൊലീസും പട്ടാളവും നടത്തിയ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ട. ഒരു മാസം പിന്നിട്ട ജനാധിപത്യ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിത ദിനം. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് 54 ആയി. 2003 ൽ സൂ ചിയുടെ അനുയായികളായ 70 പേർ വധിക്കപ്പെട്ട ശേഷം ഇത്രയധികം പേർ കൊല്ലപ്പെടുന്നത് ആദ്യമാണ്.

ഇന്നലെയും മിക്ക നഗരങ്ങളിലും പ്രക്ഷോഭകർക്കു നേരെ ക്രൂരമായ മർദനമുണ്ടായി. പല റൗണ്ട് കണ്ണീർ വാതക പ്രയോഗവും വെടിവയ്പും ഉണ്ടായെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. യാങ്കൂണിലും മാൻഡലെയിലും പ്രക്ഷോഭകരെ ഭയപ്പെടുത്തുന്നതിനായി യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നു.

മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തു നിന്ന് വെടിവയ്ക്കുന്ന രീതിയാണ് പൊലീസും പട്ടാളവും പ്രയോഗിക്കുന്നത്. പ്രക്ഷോഭം അടിച്ചമർത്തുന്നതിനെ ലോകം മുഴുവൻ അപലപിക്കുകയും അയൽരാജ്യങ്ങൾ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പിറ്റേന്നാണ് ക്രൂരമായ വെടിവയ്പ് നടന്നത്. സംഭവത്തെ അപലപിച്ച ബ്രിട്ടൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും.

പട്ടാള ഭരണകൂടത്തിനെതിരെ ഉപരോധവും മറ്റു നടപടികളും കടുപ്പിക്കാൻ യുഎസും പാശ്ചാത്യരാജ്യങ്ങളും ഒരുങ്ങുകയാണ്. ചർച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.

ഇതേസമയം, മേലധികാരികളുടെ ജനാധിപത്യവിരുദ്ധ ഉത്തരവുകൾ അനുസരിക്കാൻ മടിച്ച് 19 പൊലീസുകാർ ഇന്ത്യയുടെ അതിർത്തി കടന്ന് മിസോറമിൽ അഭയം തേടി. കൂടുതൽ പേർ എത്തിയേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം ഒന്നിന് തടങ്കലിലായശേഷം ആദ്യമായി ജനാധിപത്യ നേതാവ് ഓങ് സാൻ സൂ ചിയുടെ മുഖം ഇന്നലെ ടിവി സ്ക്രീനിൽ കണ്ടു. കോടതിയിൽ വിഡിയോ വഴി ഹാജരായപ്പോഴായിരുന്നു അത്.

Leave A Reply

Your email address will not be published.