ബലാത്സംഗത്തിനിരയായ ബാലികയെ ‘ശുദ്ധീകരിക്കാന്‍’ മുടിമുറിച്ചു!

0
29

റായ്‌പുര്‍: മാനഭംഗത്തിനിരയായ ആദിവാസിബാലികയെ “ശുദ്ധീകരിക്കാന്‍” മുടി മുറിച്ചു. ഛത്തിസ്‌ഗഡിലെ കവാര്‍ധ ജില്ലയിലാണ്‌ ആചാരത്തിന്റെ പേരില്‍ പതിമൂന്നുകാരിയുടെ മുടി സ്വന്തം സമുദായത്തില്‍പെട്ടവര്‍ മുറിച്ചത്‌. ബാലികയെ ബലാത്സംഗം ചെയ്‌തയാള്‍ അറസ്‌റ്റിലായെങ്കിലും മുടി മുറിച്ചവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ്‌ അറിയിച്ചു. കഴിഞ്ഞ ജനുവരി 21-നാണ്‌ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്‌.

കെട്ടിടനിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബാലിക ജോലിസ്‌ഥലത്തേക്കു പോകുമ്പോള്‍ അര്‍ജുന്‍ യാദവ്‌ (22) എന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളെയും അവര്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതരെയും വിവരമറിയിച്ചു. എന്നാല്‍, പ്രതിക്ക്‌ 5000 രൂപ പിഴയിട്ട്‌ പഞ്ചായത്ത്‌ അധികൃതര്‍ പ്രശ്‌നം ഒതുക്കിത്തീര്‍ത്തു. തുടര്‍ന്ന്‌, കഴിഞ്ഞ നാലിനു പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബൈഗ ആദിവാസി സമൂഹം യോഗം ചേര്‍ന്നു. ബാലിക അശുദ്ധയായെന്നും ശുദ്ധിക്രിയയുടെ ഭാഗമായി മുടി മുറിക്കണമെന്നും വീട്ടുകാരോടു നിര്‍ദേശിച്ചു. പിറ്റേന്നുതന്നെ തീരുമാനം നടപ്പാക്കി. ചടങ്ങിനെത്തിയവര്‍ക്കെല്ലാം വീട്ടുകാര്‍ സദ്യയും ഒരുക്കി! സംഭവത്തില്‍ മൂന്നു സ്‌ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here