കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

0
97

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 218 പേരുടെ പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്. 224 സീറ്റുകളുള്ള നിയമസഭയില്‍ ഇനി ആറ് പേരുടെ പേര് മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. 224 അംഗ നിയമസഭയിലേക്ക് മെയ് 12-നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മെയ് 15-ന് വോട്ടെണ്ണലും. മുഖ്യപ്രതിപക്ഷമായ ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടപട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പ ശികരിപുരയില്‍ നിന്നാണ് ജനവിധി തേടുന്നത്. മലയാളികളായ കെ.ജെ ജോര്‍ജും യു.ടി ഖാദറും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. അംബരീഷ് മാണ്ഡ്യയില്‍ നിന്ന് വീണ്ടും മത്സരിക്കും
മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലായിരിക്കും മത്സരിക്കുക. നേരത്തെ അദ്ദേഹം രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് കേട്ടിരുന്നെങ്കിലും ചാമുണ്ഡേശ്വരിയില്‍ മാത്രമാണ് സിദ്ധരാമയ്യ മത്സരിക്കുക എന്ന് ഇതോടെ വ്യക്തമായി. സിദ്ധരാമയ്യ ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന വരുണ മണ്ഡലത്തില്‍ മകന്‍ ഡോ.യതീന്ദ്രയാണ് മത്സരിക്കുന്നത്. പിസിസി പ്രസിഡന്റ് ജി പരമേശ്വര കൊരട്ടേഗേരെ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളും നിയമമന്ത്രി ടി.ബി ജയചന്ദ്രയുടെ മകന്‍ സന്തോഷ് ജയചന്ദ്രയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എന്‍എ ഹാരിസിന്റെ ശാന്തിനഗര്‍ ഉള്‍പ്പടെ അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. മകനെതിരായ വിവാദമാണ് ഹാരിസിന്‍റെ സീറ്റ് തുലാസിലാക്കിയിരിക്കുന്നത്. മേളുക്കോട്ടെ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസം മുമ്ബ് അന്തരിച്ച പ്രമുഖ കര്‍ഷക നേതാവ് പുട്ടണൈയ്യയുടെ മകന്‍ ദര്‍ശന്‍ പുട്ടണൈയ്യ സ്വരാജ് ഇന്ത്യ സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നുണ്ട്. ദര്‍ശനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്നും സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here