വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ : അവസാന പന്തില്‍ കേരളത്തിന്‌ തോല്‍വി

0
39

ധര്‍മശാല: വിജയ്‌ ഹസാര ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ വെടിക്കെട്ട്‌ പ്രകടനവുമായി നായകന്‍ സച്ചിന്‍ ബേബി തിളങ്ങിയിട്ടും കേരളത്തിന്‌ തോല്‍വി.

അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരു വിക്കറ്റിന്‌ ഹിമാചല്‍ പ്രദേശാണ്‌ കേരളത്തിനെ തോല്‍പിച്ചത്‌. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്‌ചിത 50 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 272 റണ്‍സാണ്‌ നേടിയത്‌.

81 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളും സഹിതം 95 റണ്‍സ്‌ നേടിയ സച്ചിന്‍ ബേബിയാണ്‌ മികച്ച സ്‌കോറിലേക്കു നയിച്ചത്‌. സച്ചിനു പുറമേ ഓപ്പണര്‍ വിഷ്‌ണു വിനോദും അര്‍ധസെഞ്ചുറി നേടി.

112 പന്തില്‍ ഒരു ബൗണ്ടറിയും മൂന്ന്‌ സിക്‌സറുകളും സഹിതം 66 റണ്‍സാണ്‌ വിനോദ്‌ സ്വന്തമാക്കിയത്‌.

ഇവര്‍ക്കു പുറമേ രോഹന്‍ പ്രേം(36), അരുണ്‍ കാര്‍ത്തിക്‌(22), മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍(23), എന്നിവരാണ്‌ കേരളത്തിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്കു ശേഷം അങ്കിത്‌ കൗശിക്കിന്റെയും(77 പന്തില്‍ 83) നിഖില്‍ ഗംഗ്‌തയുടെയും(68 പന്തില്‍ 62) മികവില്‍ ലക്ഷ്യം കാണുകയായിരുന്നു.

219 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റ്‌ നഷ്‌ടമായ അവരെ അവസാന ബാറ്റ്‌സ്മാനായ വിനയ്‌ ഗലേറ്റിയയെ(1) കൂട്ടുപിടിച്ച്‌ അങ്കിതാണ്‌ വിജയത്തിലേക്ക്‌ നയിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here