ബിനോയിക്കേസ്: പാര്‍ട്ടിക്ക്‌ താല്‍ക്കാലികാശ്വാസം, 13 കോടിയുടെ തട്ടിപ്പ്‌ ആരോപണം ഒത്തുതീര്‍ന്നത്‌ എങ്ങനെ? കോടികള്‍ നല്‍കിയതാര്‌?

0
197

തിരുവനന്തപുരം: സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയിക്കെതിരായ സാമ്പത്തികത്തട്ടിപ്പു പരാതി ഒത്തുതീര്‍ന്നതു പാര്‍ട്ടിക്ക്‌ ആശ്വാസമാകും. എന്നാല്‍, നേതാക്കന്മാരുടെ മക്കളും കുടുംബാംഗങ്ങളും മൂലം പാര്‍ട്ടിക്കുണ്ടാകുന്ന ദുഷ്‌പേരുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ 22-നു തൃശൂരില്‍ തുടങ്ങുന്ന സംസ്‌ഥാന സമ്മേളനത്തില്‍ സ്വാഭാവികമായും ഉയരും.

ബിനോയിക്കെതിരേ പരാതി നല്‍കിയ ദുബായ്‌ ജാസ്‌ ട്രാവല്‍സ്‌ കമ്പനിയുടമ ഹസന്‍ ഇസ്‌മയില്‍ മര്‍സൂഖി പണം തിരിച്ചുകിട്ടിയതിനാലാണു പിന്മാറിയതെന്നാണ്‌ അവിടെനിന്നുള്ള വാര്‍ത്തകള്‍. അതു ശരിയെങ്കില്‍ മര്‍സൂഖിക്കു കിട്ടാനുണ്ടായിരുന്ന കോടികള്‍ നല്‍കിയതാര്‌ എന്ന ചോദ്യത്തിനു മറുപടിയായിട്ടില്ല. ബിനോയ്‌ തന്നെയാണു പണം നല്‍കിയതെങ്കില്‍ ആ പണം എവിടെനിന്നുണ്ടായി എന്നുള്ള ചോദ്യം പ്രസക്‌തമാകും.

സി.പി.എമ്മിലെ യെച്ചൂരി, കാരാട്ട്‌ ഗ്രൂപ്പുകളുടെ ശക്‌തമായ ഇടപെടലുകള്‍ നടക്കാനിരിക്കുന്ന സംസ്‌ഥാന സമ്മേളനത്തിനു മുന്നോടിയായി പ്രശ്‌നം പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണു നടന്നത്‌. 13 കോടി രൂപ കിട്ടാനുണ്ടെന്നു സി.പി.എം. നേതൃത്വത്തിനു പരാതി നല്‍കിയ മര്‍സൂഖി, തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തിനു നിശ്‌ചയിച്ചിരുന്നു. ചവറ എം.എല്‍.എ: എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത്‌ ഉള്‍പ്പെട്ട കേസില്‍ കോടതിയുടെ വാര്‍ത്താവിലക്കു വന്നതോടെ, ഇവയ്‌ക്കു പരസ്‌പരബന്ധമുള്ളതിനാല്‍ വാര്‍ത്താസമ്മേളനം നടക്കാതെപോയി. പിന്നീടാണ്‌ പത്തു ലക്ഷം ദിര്‍ഹം (ഏകദേശം 1.72 കോടി രൂപ) കിട്ടാനുണ്ടെന്നു മര്‍സൂഖി പരാതി നല്‍കി. വിവാദത്തിനിടെ ദുബായിലേക്കു പോയ ബിനോയിക്കു മടങ്ങാന്‍ കഴിയാത്തവിധം യാത്രാവിലക്കും വന്നു. അതോടെ നേരത്തേ മകനെ ന്യായീകരിച്ച കോടിയേരി വെട്ടിലുമായി.

കേസ്‌ ഒത്തുതീര്‍പ്പായതിനു പിന്നില്‍ ചില പ്രവാസി വ്യവസായികളുടെ ഇടപെടലുണ്ടായെന്നാണു സൂചന. 13 കോടിയുടെ തട്ടിപ്പ്‌ ആരോപണം ഒത്തുതീര്‍ന്നത്‌ എങ്ങനെയെന്നു മര്‍സൂഖിയോ ബിനോയിയോ വ്യക്‌തമാക്കിയിട്ടില്ല. പണം തിരിച്ചുകിട്ടാതെ മര്‍സൂഖി ഒത്തുതീര്‍പ്പിനു തയാറായെന്നതു വിശ്വാസ്യമല്ല.

വ്യവസായികളുടെ സഹായം സ്വീകരിച്ച്‌ പണത്തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വവും പാര്‍ട്ടി സെക്രട്ടറിയുടെ മകനും നടത്തുന്ന നീക്കങ്ങള്‍ ശരിയാണോ എന്ന ചോദ്യം സമ്മേളനത്തില്‍ ഉയര്‍ന്നേക്കും. സി.പി.എം സംസ്‌ഥാന നേതൃത്വത്തിനും കോടിയേരിക്കും എതിരേ നിലപാടെടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു മുന്നിലും ചോദ്യങ്ങളുയരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു ലഭിച്ച പരാതിയില്‍ സംസ്‌ഥാന നേതൃത്വവും സെക്രട്ടറിയും എന്ത്‌ നിലപാടുകള്‍ സ്വീകരിച്ചെന്ന്‌ ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലടക്കം വിശദീകരിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here