യു.എസിന്റെ തന്ത്രപ്രധാന സൈനീക രഹസ്യങ്ങള്‍ ചോര്‍ത്തി റഷ്യ

0
51

വാഷിങ്ടണ്‍ : യു.എസിന്റെ തന്ത്രപ്രധാന സൈനീക രഹസ്യങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. റോക്കറ്റുകള്‍, സൈനീക ഡ്രോണുകള്‍, സ്‌റ്റെല്‍ത് ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍, മിസൈലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള 87 പേരില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് (എ.പി) അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം, ചോര്‍ത്തിയ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. യു.എസിന്റെ സൈബര്‍ പ്രതിരോധത്തിന്റെ പിഴവാണ് ഈ ആക്രമണത്തിലൂടെ പുറത്തു വന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘ഫാന്‍സി ബിയര്‍’ എന്ന് അറിയപ്പെടുന്ന ഹാക്കര്‍ സംഘമാണ് സൈബര്‍ മോഷണത്തിനു പിന്നില്‍. ഇതേ ഹാക്കര്‍മാര്‍ തന്നെയായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇടപെട്ടത്.

‘വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഈ 87 പേരില്‍ പലരും പ്രതിരോധ സാങ്കേതിക വിദ്യകളുടെ ഗവേഷണത്തില്‍ അഗ്രഗണ്യരാണ്. ഈ പദ്ധതികള്‍ പലതും ചോര്‍ന്നിട്ടുണ്ടെങ്കില്‍ യു.എസ് പ്രതിരോധ മേഖല സന്ധി ചെയ്തിരിക്കുകയാണ്. അതു ഭയപ്പെടുന്നതാണെന്നും യു.എസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഓഫീസിലെ വിരമിച്ച മുതിര്‍ന്ന ഉപദേഷ്ടാവ് പറഞ്ഞു.

യു.എസ് ആസ്ഥാനമായ സൈബര്‍ ഫിഷിജ് ഡേറ്റയില്‍ നിന്നാണ് എപി ഫാന്‍സി ബിയറിന്റെ ആക്രമണ വിവരങ്ങള്‍ കണ്ടെത്തിയത്. ‘ഐയണ്‍ ട്വിലൈറ്റ്’ എന്നാണ് ഹാക്കര്‍മാരെ സെക്യൂര്‍വര്‍ക്ക്‌സ് വിശേഷിപ്പിച്ചത്. 2015 മാര്‍ച്ച് മുതല്‍ 2016 മേയ് വരെയുള്ള ഭാഗീകമായ ഡേറ്റയാണ് ഇവരുടെ കൈവശമുള്ളത്.

പലരുടെയും വ്യക്തിഗത ജി മെയില്‍ അക്കൗണ്ടുകളും ചില കോര്‍പറേറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചാരന്മാരാക്കി മാറ്റുകയോ ചെയ്തിട്ടുണ്ടാകാമെന്നും സംശയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here