നിര്‍മ്മല്‍ ചന്ദ്ര അസ്താന കേരളത്തിന്റെ പുതിയ വിജിലന്‍സ് മേധാവി

0
64

തിരുരനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി നിര്‍മ്മല്‍ ചന്ദ്ര അസ്താനയെ തിരഞ്ഞെടുത്തു. അസ്താനയെ വിജിലന്‍സ് ഡയറക്ടറായി തിരഞ്ഞെടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. അസ്താന നിലവില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡി.ജി.പി-മോഡനൈസേഷന്‍ ചുമതലയായിരുന്നു. 1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഡി.ജി.പി റാങ്കിലുള്ള അസ്താന.

ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു ഏറെക്കാലമായി വിജിലന്‍സ് ഡയറക്ടറുടെ ചുമതല. എന്നാല്‍ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയെ തന്നെ കേഡര്‍ പദവിയുള്ള വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയായിരുന്നു.

ഇത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും വന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. അതേസമയം, ജോലിഭാരം മൂലം വിജിലന്‍സിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് കാണിച്ച് സര്‍ക്കാരിന് ബെഹ്‌റ പലപ്രാവശ്യം കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിജിലന്‍സ് മേധാവിയെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം.

എന്നാല്‍ വിജിലന്‍സ് മേധാവിസ്ഥാനം ഡി.ജി.പി റാങ്കില്‍നിന്ന് എ.ഡി.ജി.പി റാങ്കിലേക്ക് തരം താഴ്ത്താനും നീക്കം നടന്നിരുന്നു. ഡി.ജി.പി. ആര്‍.ശ്രീലേഖ വിജിലന്‍സ് എ.ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹേബ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here