രജപുത് കര്‍ണിസേനയ്ക്ക് തെറ്റി; ‘പദ്മാവതില്‍’ വികലമാക്കിയത് ഖില്‍ജിയെയെന്നു ചരിത്രകാരന്മാര്‍

0
62

എല്ലിന്മേല്‍നിന്ന് ഇറച്ചി കടിച്ചുപറിച്ചെടുക്കുന്നു, രോമാവൃതമായ നെഞ്ച് തുറന്നുകാട്ടുന്നു, ഒതുക്കമില്ലാത്ത നീളന്‍ തലമുടി, കഴുതപ്പുലിയെപ്പോലുള്ള അട്ടഹാസം… അലാവുദീന്‍ ഖില്‍ജിയെ ചരിത്രം ഓര്‍ക്കുന്നത് ഇങ്ങനെയല്ല.

പക്ഷേ, ഖില്‍ജി രാജവംശത്തിലെ അതിശക്തനായ ഭരണാധികാരിയെ പദ്മാവത് എന്ന സിനിമയില്‍ സഞ്ജയ് ലീലാ ബന്‍സാലി വരച്ചിടുന്നത് ഇങ്ങനെയാണ്.

തെരുവിലും സെന്‍സര്‍ ബോര്‍ഡിലും കോടതിയിലുമൊക്കെയായി പോര്‍വിളി നീളുന്നതിനിടെ പുറത്തിറങ്ങിയ സിനിമയില്‍ അപരിഷ്‌കൃതനെന്നോ കിരാതനെന്നോ വിശേഷിപ്പിക്കാവുന്ന മട്ടിലാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്.

രാജസ്ഥാന്‍ രജപുത്ര ചരിത്രത്തിലെ ഇതിഹാസത്തിളക്കമായ റാണി പത്മിനിയെ ബന്‍സാലി മോശമായി ചിത്രീകരിക്കുന്നു എന്നാണ് പദ്മാവതിനു നേരേ ഉയര്‍ന്ന ആരോപണം. പദ്മാവത് എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ദീപിക പദുക്കോണിന് ഇന്നോളം കണ്ടിട്ടില്ലാത്ത സൗന്ദര്യം. റാണിയെയും രജപുത്ര സംസ്‌കാരത്തെയും സിനിമ പ്രകീര്‍ത്തിക്കുന്നതേയുള്ളൂ എന്നാണു തിയറ്ററുകളില്‍നിന്നുള്ള അഭിപ്രായം.

മറുവശത്ത്, രണ്‍വീര്‍ സിങ്ങിന്റെ സുല്‍ത്താന് മഷിയെഴുതിയ കണ്ണുകളും വടുക്കള്‍ വീണ മുഖവും ജിമ്മില്‍ മിനുക്കിയെടുത്ത ആകാരവുമൊക്കെയായി ഒരു കിരാതഭാവം! ഖില്‍ജിയുടെ കാര്യത്തില്‍ ബന്‍സാലിക്കു തെറ്റിയോ?

മറ്റെന്തൊക്കെയായാലും ഖില്‍ജി ഇതല്ലെന്നു ചരിത്രകാരനായ റാണ സഫ്‌വി പറയുന്നു. അതിപുരാതനമായ പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട ഭരണാധികാരിയായിരുന്നു അലാവുദീന്‍ ഖില്‍ജി. തീന്‍മേശയിലും ഭക്ഷണവിഭവങ്ങളുടെ തെരഞ്ഞെടുപ്പിലും വസ്ത്രധാരണത്തിലുമെല്ലാം തികഞ്ഞ ആചാരമര്യാദകള്‍ പാലിച്ചിരുന്നവരാണു പേര്‍ഷ്യന്‍ ഭരണാധികാരികളെന്നു സഫ്‌വി ചൂണ്ടിക്കാട്ടുന്നു.

അലാവുദീന്‍ ഖില്‍ജിക്ക് രണ്ടു ശതാബ്ദത്തിനു ശേഷം 16-ാം നൂറ്റാണ്ടില്‍ സൂഫി കവി മാലിക് മുഹമ്മദ് ജയസി രചിച്ച ഇതിഹാസകാവ്യം ”പദ്മാവത്” ആണ് ബന്‍സാലിയുടെ അവലംബം. എന്നാല്‍ രാജസ്ഥാനി പ്രാദേശികഭാഷയിലല്ലാതെ, അവധി ഭാഷയില്‍, മറ്റൊരു സംസ്‌കാരമാണ് ജയസി പകര്‍ത്തിയതെന്ന് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിമന്‍സ് സ്റ്റഡീസ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ അരുണിമ ഗോപിനാഥ് അഭിപ്രായപ്പെടുന്നു.

അലാവുദീന്‍ ഖില്‍ജിയുടെ സമകാലികനായിരുന്ന പ്രശസ്ത കവി അമീര്‍ ഖുസ്‌റു അദ്ദേഹത്തിന്റെ ഭരണവും യുദ്ധവിജയങ്ങളുമൊക്കെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കിരാതനായ ഭരണാധികാരിയുടെ ചിത്രമല്ല ഖുസ്‌റു വരച്ചിട്ടത്.

ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്ന രത്തന്‍ സിങ്ങിനെ ഉത്തമ നായകനായും ഖില്‍ജിയെ വില്ലനായും ചിത്രീകരിക്കാനുള്ള വ്യഗ്രതയാകാം ബന്‍സാലിയുടേതെന്ന് സഫ്‌വി വിലയിരുത്തുന്നു. ഖില്‍ജി ക്രൂരനായ സാമ്രാജ്യമോഹിയായിരുന്നിരിക്കാം. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതു ഹരമായിരുന്നിരിക്കാം. പക്ഷേ, അതൊരിക്കലും സ്ത്രീകളില്‍ ലഹരി കണ്ടെത്താന്‍ വേണ്ടിയായിരുന്നില്ലെന്നും സഫ്‌വി പറയുന്നു.

അധിനിവേശത്തിനെത്തിയ മംഗോളിയന്‍ വംശജരെ നിഷ്‌കരുണം അടിച്ചമര്‍ത്തിയ െസെനികതന്ത്രജ്ഞനായിരുന്നു ഖില്‍ജി. തന്റെ പേര് തന്നെ മറ്റുള്ളവരില്‍ ഭീതി ജനിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഉറച്ച മതവിശ്വാസിയായിരുന്നില്ല, വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ പതിവായി പങ്കുചേര്‍ന്നിരുന്ന സുല്‍ത്താന്‍മാരില്‍ ഖില്‍ജി ഒരു അപവാദമായിരുന്നു എന്നും സഫ്‌വി ചൂണ്ടിക്കാട്ടി.

അലാവുദീന്‍ ഖില്‍ജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് ചരിത്രം തിരുത്തിയെഴുതാനുള്ള വ്യാപകനീക്കത്തിന്റെ ഭാഗമാണെന്നു വിലയിരുത്തുന്നവരുമുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയെ യുദ്ധത്തില്‍ തോറ്റ വിദേശിയായി ചിത്രീകരിക്കാനും ഔറംഗസീബിന്റെ പേര് മായ്ക്കാനും- റോഡുകളുടെ പേരില്‍നിന്ന്-ശ്രമം നടക്കുന്നു.

ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ, ഇസ്ലാമിക ഭരണാധികാരികളെ വില്ലന്മാരായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടെന്ന് അലഹാബാദ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി ഹീരാം ചതുര്‍വേദി അഭിപ്രായപ്പെട്ടു. അക്ബറിനെ ഹല്‍ദിഘാട്ടി യുദ്ധത്തില്‍ പരാജയപ്പെടുത്തിയ വീരനെന്ന നിലയില്‍ മഹാറാണാ പ്രതാപിന്റെ കഥ സര്‍വകലാശാലാ തലത്തില്‍ ചരിത്രപുസ്തകത്തില്‍ ചേര്‍ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ നിര്‍ദേശിച്ചിരുന്നു. ചരിത്രം അങ്ങനെ തിരുത്തിയെഴുതാവുന്നതല്ല – അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹല്‍ദിഘാട്ടി യുദ്ധത്തില്‍ അന്തിമവിജയി ഉണ്ടായിരുന്നില്ലെന്നും അക്ബറിനു മേല്‍ക്കെ ഉണ്ടായിരുന്നെന്നും അഭിപ്രായപ്പെട്ട ചരിത്രകാരനായ ഗോപിനാഥ് ശര്‍മയ്ക്കു നേരേ െകെയേറ്റശ്രമമുണ്ടായതു ചതുര്‍വേദി ഓര്‍മിപ്പിച്ചു.

അക്ബര്‍ ചക്രവര്‍ത്തിക്കു ചരിത്രം നല്‍കിയ ”മഹാനായ” എന്ന വിശേഷണം നീക്കാന്‍ ശ്രമം നടന്നിരുന്നു. ഏതെങ്കിലും വ്യക്തിയെ മഹാന്‍ എന്നു കണക്കാക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മഹത്വം ”എവര്‍ റോളിങ് ട്രോഫി” പോലെ ഒരാളില്‍നിന്ന് എടുത്തുമാറ്റി മറ്റൊരാള്‍ക്കു സമ്മാനിക്കാനുള്ളതല്ലെന്നു പ്രശസ്തമായ ”അക്ബര്‍” എന്ന ഹിന്ദി നോവലിന്റെ കര്‍ത്താവ് ഷാസി സമാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here