പദ്മാവത് പ്രതിഷേധം കത്തുന്നു; സര്‍ക്കാര്‍ ബസിനു തീയിട്ട അക്രമികള്‍ സ്‌കൂള്‍ ബസ് കത്തിച്ചു ; പ്രക്ഷോഭത്തില്‍ നിന്നു പിന്നോട്ടില്ലെന്നു കര്‍ണിസേന

0
62

സിനിമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സ്‌കൂള്‍ ബസിനു നേരെയും അക്രമം. ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസിനു നേരെയായിരുന്നു ആക്രമണം. രണ്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസിനു നേരേ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. തൊട്ടു മുന്നിലുണ്ടായിരുന്ന സര്‍ക്കാര്‍ ബസിനു തീയിട്ടശേഷമാണ് അക്രമികള്‍ സ്‌കൂള്‍ ബസ് ആക്രമിച്ചത്.

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവത് ഇന്നു രാജ്യമെമ്പാടും റിലീസിനൊരുങ്ങുമ്പോള്‍ ചിത്രത്തിനെതിരേ പ്രതിഷേധവും ജ്വലിക്കുകയാണ്. രജപുത്ര ഹൃദയഭൂമിയായ രാജസ്ഥാനിലാണ് ഏറ്റവും രൂക്ഷമായ പ്രതിഷേധം അലയടിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ണി സേനാ പ്രവര്‍ത്തകര്‍ ഗതാഗതം സ്തംഭിപ്പിച്ചു. വാഹനങ്ങള്‍ തകര്‍ത്തു, തീയിട്ടു.

മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രത്തിനെതിരേ പ്രകടനം നടത്തുകയും ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്തു. ആഗ്ര-മുംെബെ ദേശീയപാത-3 ല്‍ 200 അധികം പ്രക്ഷോഭകര്‍ പ്രകടനമായെത്തി ഗതാഗതം തടഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രതിഷേധക്കാര്‍ അനവധി വാഹനങ്ങള്‍ക്കു തീയിട്ടു. സിനിമ റിലീസ് ചെയ്യുന്ന മാളിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയ പ്രക്ഷോഭകരെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. യു.പിയില്‍നിന്നും വിവിധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിനിമയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍നിന്നു പിന്നോട്ടില്ലെന്നു രാജ്പുത് കര്‍ണിസേന പറഞ്ഞു. സിനിമ ഇന്നു റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ക്കു മുമ്പില്‍ ജനകീയ ഉപരോധം സംഘടിപ്പിക്കുമെന്നു കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി പറഞ്ഞു. എന്തുവിലകൊടുത്തും പദ്മാവതിന്റെ റിലീസിങ് തടയും.

കര്‍ണിസേനയുടെ അംഗങ്ങള്‍ റിലീസിനു മുമ്പ് സിനിമ കണ്ടെന്നത് അഭ്യൂഹംമാത്രമാണ്. മഹാരാഷ്ട്രയില്‍ കര്‍ണിസേനയുടെ പ്രതിഷേധത്തിന് ശിവസേന പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കല്‍വി പറഞ്ഞു. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണു പദ്മാവതിനെതിരേ രൂക്ഷമായ പ്രതിഷേധം അരങ്ങേറുന്നത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here