പി.എന്‍.ബി. തട്ടിപ്പില്‍ നീരവ്‌ മോഡിക്കെതിരേ റെയ്‌ഡ്

0
134

ന്യൂഡല്‍ഹി/മുംബൈ: പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയ വജ്രവ്യാപാരി നീരവ്‌ മോഡിയുടെ വസതിയില്‍നിന്നും ആഭരണശാലകളില്‍നിന്നുമായി 5,100 കോടി രൂപ വിലമതിക്കുന്ന വജ്രവും സ്വര്‍ണവും ആഭരണങ്ങളും പിടിച്ചെടുത്തു.

280 കോടി രൂപയുടെ തട്ടിപ്പിനു നേരത്തേ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ ഭാഗമായിരുന്നു റെയ്‌ഡ്‌. ബ്രാഡി ഹൗസ്‌ ശാഖയില്‍ നിന്നുള്ള രേഖകളുടെ ബലത്തില്‍ വിവിധ ബാങ്കുകളുടെ വിദേശശാഖകളില്‍നിന്നു 11,400 കോടിയോളം രൂപ സ്വന്തമാക്കിയെന്നു പിന്നീടാണ്‌ സി.ബി.ഐക്കു പരാതി ലഭിച്ചത്‌. പണമെടുക്കാന്‍ ഉപയോഗിച്ച നൂറ്റമ്പതോളം ബയേഴ്‌സ്‌ ക്രെഡിറ്റ്‌ രേഖകളുടെ പട്ടിക ബാങ്ക്‌ അധികൃതര്‍ സി.ബി.ഐക്കു കൈമാറി.

ഇതിനിടെ, നീരവ്‌ മോഡിക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുപ്പമുണ്ടെന്ന പ്രതിപക്ഷാരോപണം വലിയ വാഗ്വാദത്തിനു വഴിവച്ചു. കഴിഞ്ഞമാസം ലോക സാമ്പത്തികഫോറം ഉച്ചകോടി നടന്ന ദാവോസില്‍ നീരവ്‌ മോഡി അടക്കമുള്ള വ്യവസായപ്രമുഖര്‍ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം ആധാരമാക്കിയാണ്‌ ആരോപണം. വ്യവസായിയെന്ന നിലയില്‍ നീരവ്‌ അവിടെയെത്തിയെന്നല്ലാതെ, പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്‌ച നടന്നിട്ടില്ലെന്നു ബി.ജെ.പി. പറഞ്ഞു.

യു.പി.എ. ഭരിക്കുമ്പോള്‍ 2011 മുതല്‍ ഇയാള്‍ ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്നെന്നും സത്യസന്ധമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

തട്ടിപ്പുവിവരം പുറത്തറിയുന്നതിനു മുമ്പ്‌ ജനുവരി ആദ്യവാരം തന്നെ നീരവും കുടുംബാംഗങ്ങളും ഇന്ത്യ വിട്ടിരുന്നു. സര്‍ക്കാരില്‍നിന്നു രഹസ്യമായി വിവരമറിഞ്ഞായിരുന്നു നാടുവിടലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ഹരിപ്രസാദ്‌ എന്ന വ്യക്‌തി 2016-ല്‍ത്തന്നെ നീരവിന്റെ തട്ടിപ്പുകളെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനു പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല പറഞ്ഞു.

പ്രതികള്‍ക്കെതിരേ സി.ബി.ഐ. ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കി. നീരവിന്റെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മഹാരാഷ്‌ട്ര കുര്‍ളയിലെ വസതി, ബാന്ദ്രയിലും ലോവര്‍ പറേലിലുമുള്ള ഓഫീസുകള്‍, കാലാ ഘോഡായിലെ ആഭരണഷോറും, ഗുജറാത്ത്‌ സൂററ്റിലുള്ള മൂന്ന്‌ ആഭരണനിര്‍മാണ ശാലകള്‍, ഡല്‍ഹി ചാണക്യപുരിയിലും ഡിഫന്‍സ്‌ കോളനിയിലുമുള്ള ഷോറൂമുകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്‌.

പി.എന്‍.ബിയില്‍ നിന്ന്‌ വിരമിച്ച ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ്‌ ഷെട്ടി, ക്ലര്‍ക്ക്‌ മനോജ്‌ ഖരാട്ട്‌ എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇരുവരുടെ പേരുകളും എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കു പുറമെ പത്ത്‌ ജീവനക്കാരും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയിലാണ്‌. മൊത്തം തട്ടിപ്പും വ്യക്‌തമാക്കാതെ പി.എന്‍.ബി. പലതായി പരാതി നല്‍കിയതിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്‌.

അലാഹാബാദ്‌, ആക്‌സിസ്‌ ബാങ്കുകളുടെ ഹോങ്കോങ്‌ ശാഖകളിലൂടെയാണു നീരവ്‌ പണം കൈപ്പറ്റിയത്‌. പി.എന്‍.ബിയുടെ ജാമ്യത്തില്‍ വായ്‌പ നല്‍കിയ ബാങ്കുകള്‍ക്ക്‌ പണം തിരികെ നല്‍കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശിച്ചു. മുഴുവന്‍ പണവും പി.എന്‍.ബി. തന്നെ നല്‍കണമെന്നും തട്ടിപ്പിന്റെ എല്ലാ ഉത്തരവാദിത്വവും അവര്‍ക്കാണെന്നും റിസര്‍വ്‌ ബാങ്ക്‌ വ്യക്‌തമാക്കി.

ഈ തട്ടിപ്പിന്റെയും സമാനമായ മറ്റു സംഭവങ്ങളുടെയും വിശദാംശങ്ങള്‍ ഈ മാസം തന്നെ ലഭ്യമാക്കണമെന്നു ബാങ്കുകള്‍ക്കു ധനമന്ത്രാലയം നിര്‍ദേശം നല്‍കി. നീരവ്‌ മോഡിയുടെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കി 1,300 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടുമെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here