ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം തുടങ്ങി: കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ നിരത്തില്‍

0
149

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം തുടങ്ങി. ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. അതേസമയം, പണിമുടക്കിനെ തുടര്‍ന്നുണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് യഥാര്‍ഥ യാത്രക്കൂലിയുടെ 50 ശതമാനമാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്താനും കൊച്ചിയില്‍ ചേര്‍ന്ന സംയുക്തസമര സമിതി തീരുമാനിച്ചിട്ടുണ്ട്.

സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ജനങ്ങളുടെ ഡിമാന്‍ഡ് അനുസരിച്ച് ബസ് സര്‍വീസ് നടത്തുമെന്നും, ലീവ് റദ്ദാക്കിച്ച് ജീവനക്കാരോട് ഡ്യൂട്ടിക്കെത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

മിനിമം ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍, വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചില്ലെന്നു സമരസമിതി ഭാരവാഹികള്‍ പറയുന്നു. യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണ്. അവരുടെ നിരക്ക് കൂട്ടാതെ ബസ് വ്യവസായം നിലനില്‍ക്കില്ല. കണ്‍സഷന്റെ ഭാരം ബസുടമകളില്‍ കെട്ടിവയ്ക്കരുതെന്നു സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റി നല്‍കിയ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യത്തിനു പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, റോഡ് നികുതി വര്‍ധന പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്കു രൂപം നല്‍കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ടുവച്ചു. 12 സംഘടനകള്‍ക്കു കീഴിലെ 14,800 ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഉടമകള്‍ അറിയിച്ചു.

അതേസമയം, എല്ലാ സാഹചര്യവും പരിഗണിച്ചാണ് നിരക്കുവര്‍ധന നിശ്ചയിച്ചതെന്നും അതിനിയും കൂട്ടില്ലെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സമരം കൊണ്ടു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കില്ല. സര്‍ക്കാരിനും ജനങ്ങള്‍ക്കുമുള്ള പരിമിതികളും ബുദ്ധിമുട്ടുകളും മനസിലാക്കി ബസുടമകള്‍ സമരത്തില്‍നിന്നു പിന്മാറുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here