സ്വകാര്യ ബസ്‌ സമരം ഇന്നു തീര്‍ന്നേക്കും

0
205

തിരുവനന്തപുരം: കൂട്ടിയ നിരക്ക്‌ പോരെന്നു പറഞ്ഞ്‌ സ്വകാര്യ ബസ്‌ ഉടമകള്‍ തുടങ്ങിയ സമരം ഇന്ന്‌ അവസാനിപ്പിച്ചേക്കും. മന്ത്രി എ.കെ. ശശീന്ദ്രനുമായി ഇന്നു നടത്തുന്ന ചര്‍ച്ചയില്‍ സംതൃപ്‌തി രേഖപ്പെടുത്തി സ്വകാര്യ ബസ്‌ ഉടമകള്‍ സമരത്തില്‍നിന്ന്‌ പിന്‍വാങ്ങുമെന്നാണ്‌ അറിയുന്നത്‌. ചാര്‍ജ്‌ വര്‍ധനയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സമിതിയെ നിയോഗിക്കാമെന്നുമുള്ള ഉറപ്പാണ്‌ സര്‍ക്കാര്‍ നല്‍കുക. ഇത്‌ സ്വീകരിച്ച്‌ മുഖം രക്ഷിക്കാനാകും ബസ്‌ ഉടമകളുടെ ശ്രമം. അതേസമയം, ഇന്നലെ കെ.എസ്‌.ആര്‍.ടി.സി. റെക്കോഡ്‌ കളക്‌ഷന്‍ നേടി.

സമരം നീട്ടിക്കൊണ്ടുപോകുന്നതിനോടു ബസുടമകളില്‍ പലര്‍ക്കും യോജിപ്പില്ല. സമരം നീണ്ടാല്‍ ഒറ്റ ബസുകള്‍ സര്‍വീസിനിറക്കുമെന്ന്‌ ഉടമകള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്‌. സമരം ഇന്നലെ പൂര്‍ണമായിരുന്നു. അതേസമയം, സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌ സമരമാണു നടക്കുന്നതെന്നും ആക്ഷേപമുണ്ട്‌. സര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്ന വേളയില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചതുവഴിയുള്ള ജനരോഷം തണുപ്പിക്കാനാണ്‌ സ്വകാര്യ ബസ്‌ ഉടമകള്‍ സമരത്തിനിറങ്ങിയതെന്നാണു വിമര്‍ശനം.

ഇന്നലെ ഭുരിപക്ഷം ബസുകളും ഓടിച്ച കെ.എസ്‌.ആര്‍.ടി.സി. റെക്കോഡ്‌ കളക്‌ഷന്‍ നേടി. 219 അധിക സര്‍വീസുകള്‍ ഉള്‍പ്പെടെ 5542 ബസുകള്‍ നിരത്തിലിറക്കി. ഗ്രാമപ്രദേശങ്ങളിലേക്കാണു കൂടുതല്‍ സര്‍വീസ്‌ നടത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here