അണ്ടര്‍ 19 ലോകകപ്പ്‌: അഫ്‌ഗാന്‍ സെമിയില്‍

0
62

ക്രൈസ്‌റ്റ്ചര്‍ച്ച്‌: ന്യൂസിലന്‍ഡിനെ അട്ടിമറിച്ച്‌ അഫ്‌ഗാനിസ്‌ഥാന്‍ അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ കടന്നു.

ഹാഗ്‌ലെ ഓവലില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാന്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 309 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 107 റണ്ണിന്‌ ഓള്‍ഔട്ടായി. ഓഫ്‌ സ്‌പിന്നര്‍ മുജീബ്‌ 14 റണ്‍ വഴങ്ങി നാലു വിക്കറ്റും ലെഗ്‌ സ്‌പിന്നര്‍ ഖ്വായിസ്‌ 33 റണ്‍ വഴങ്ങി നാലു വിക്കറ്റുമെടുത്തതോടെ ന്യൂസിലന്‍ഡിന്റെ നടുവൊടിഞ്ഞു.

മധ്യനിരക്കാരന്‍ അസ്‌മാനുള്ള ഒമര്‍സായുടെ (23 പന്തില്‍ ഏഴ്‌ സിക്‌സറും മൂന്നു ഫോറുമടക്കം 66) വെടിക്കെട്ടും ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസ്‌ (67 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 69), ഇബ്രാഹിം സാദ്രാന്‍ (98 പന്തില്‍ 68), ബാഹിര്‍ ഷായുടെ (72 പന്തില്‍ നാല്‌ ഫോറുകളടക്കം പുറത്താകാതെ 67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ്‌ അഫ്‌ഗാനു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്‌്.

ഓപ്പണര്‍മാര്‍ 20 ഓവറില്‍ 117 റണ്ണിന്റെ കൂട്ടുകെട്ട്‌ നേടിയിരുന്നു. അഫ്‌ഗാന്‍ സ്‌കോര്‍ അഞ്ചിന്‌ 226 റണ്ണെന്ന അവസ്‌ഥയിലാണ്‌ ഒമര്‍സായ്‌ ക്രീസിലെത്തുന്നത്‌. ഇന്നിങ്‌സ് അവസാനിക്കാന്‍ 35 പന്തുകളായിരുന്നു ശേഷിച്ചത്‌. പേസര്‍ മാത്യു ഫിഷറിനെ നാല്‌ തവണയും ഇടംകൈയന്‍ സ്‌പിന്നര്‍ പെന്‍ ലോക്‌റോസിനെ മൂന്നു വട്ടവും സിക്‌സറിനു പറത്തിയ ഒമര്‍സായ്‌ അരങ്ങുവാണു. അവസാന ആറ്‌ ഓവറുകളില്‍ 83 റണ്ണാണു പിറന്നത്‌. ടൂര്‍ണമെന്റിലെ ടോപ്‌ സ്‌കോറര്‍മാരായ യാക്കോബ്‌ ഭുല (അഞ്ച്‌), ഫിന്‍ അലന്‍ (13), റാചിന്‍ രവീന്ദ്ര (0) എന്നിവര്‍ അഫ്‌ഗാന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി. ഏഴ്‌ ഓവര്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ്‌ നാലിന്‌ 20 റണ്ണെന്നു വിയര്‍ക്കുകയായിരുന്നു. അസ്‌മാനുള്ള ഒമര്‍സായ്‌ മത്സരത്തിലെ താരമായി. ക്വ്യൂന്‍സ്‌ടൗണില്‍ ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഓസ്‌ട്രേലിയ, പാപുവ ന്യൂഗിനി, സിംബാബ്‌വേ എന്നിവരെ തോല്‍പ്പിച്ച്‌ ബി ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ ഇന്ത്യ ക്വാര്‍ട്ടറില്‍ കളിക്കുന്നത്‌. സി ഗ്രൂപ്പിലെ രണ്ടാംസ്‌ഥാനക്കാരാണ്‌ ബംഗ്ലാദേശ്‌. ഇംഗ്ലണ്ടിനോടു തോറ്റതോടെയാണു ബംഗ്ലാദേശ്‌ രണ്ടാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടത്‌. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ചു പാകിസ്‌താന്‍ സെമിയില്‍ കടന്നിരുന്നു. ഇന്നു ജയിക്കുന്നവരാണു പാകിസ്‌താനെ നേരിടുക.

LEAVE A REPLY

Please enter your comment!
Please enter your name here