ഒരേസമ്മാനത്തുക; ക്രിക്കറ്റില്‍ ഇനി സ്‌ത്രീ-പുരുഷ സമത്വം

0
104

ദുബായ്‌: ലോക ക്രിക്കറ്റില്‍ പുരുഷ-വനിതാ സമത്വം ഉറപ്പുവരുത്തി ഐ.സി.സിയുടെ ചരിത്രപരമായ തീരുമാനം. ഓസ്‌ട്രേലിയ ആതിഥ്യം വഹിക്കുന്ന 2020-ലെ ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പില്‍ പുരുഷ-വനിതാ ജേതാക്കള്‍ക്ക്‌ ഒരേ സമ്മാനത്തുക നല്‍കാനാണ്‌ ഐ.സി.സി. തീരുമാനമെടുത്തത്‌. സമ്മാനത്തുക എത്രയാണെന്ന്‌ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ എട്ടു വരെയാണ്‌ വനിതാ ലോകകപ്പ്‌ അരങ്ങേറുക. ഇതേവര്‍ഷം ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ്‌ പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ്‌. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണ്‌ ഇരുവിഭാഗം ഫൈനലുകള്‍ അരങ്ങേറുക. വനിതാ ഫൈനല്‍ ലോക വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിനാണെന്ന പ്രത്യേകതയുമുണ്ട്‌.

വനിതകളുടെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ സിഡ്‌നിയിലാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. അതേസമയം പുരുഷ സെമിഫൈനലുകള്‍ സിഡ്‌നി, അഡ്‌ലെയഡ്‌ എന്നിവിടങ്ങളിലായി നടക്കും. പുരുഷ ലോകകപ്പില്‍ 16 രാജ്യങ്ങളും വനിതാ ലോകകപ്പില്‍ 10 രാജ്യങ്ങളുമാണ്‌ മാറ്റുരയ്‌ക്കുന്നത്‌.

അഡ്‌ലെയ്‌ഡ്, ബ്രിസ്‌ബെയ്‌ന്‍, കാന്‍ബെറ, ഗീലോങ്‌, ഹൊബാര്‍ട്ട്‌, മെല്‍ബണ്‍, പെര്‍ത്ത്‌, സിഡ്‌നി എന്നിങ്ങനെ ഓസട്രേലിയയിലെ എട്ടു നഗരങ്ങളിലായി 13 വേദികളിലാണ്‌ മത്സരങ്ങള്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here