നദാല്‍ പിന്മാറി; സിലിച്ച്‌ സെമിയില്‍

0
73

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന്റെ കുതിപ്പിന്‌ നിരാശാജനകമായ അന്ത്യം. ഇന്നലെ മെല്‍ബണിലെ റോഡ്‌ ലവര്‍ അരീനയില്‍ നടന്ന പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്ര?യേഷ്യന്‍ താരം മരിന്‍ സിലിച്ചിനെതിരായ മത്സരത്തിനിടെ നദാലിന്‌ പരുക്കേറ്റ്‌ പിന്മാറേണ്ടി വന്നു.

മത്സരത്തില്‍ 6-3, 3-6, 7-6, 2-6, 0-2 എന്ന സ്‌കോറില്‍ സിലിച്ചിനോടു പിന്നിട്ടു നില്‍ക്കുമ്പോഴാണ്‌ നദാല്‍ പരുക്കേറ്റ്‌ വീണത്‌.

ഒന്നാം സീഡായ നദാലിനെതിരേ ആറാം സീഡായ സിലിച്ച്‌ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ കാഴ്‌ചവച്ചത്‌. ആദ്യ സെറ്റില്‍ തന്റെ മികച്ച ഫോമിലേക്കുയര്‍ന്ന നദാല്‍ 6-3ന്‌ സെറ്റ്‌ സ്വന്തമാക്കി സെമി പ്രതീക്ഷയുണര്‍ത്തിയിരുന്നു.

എന്നാല്‍ രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച സിലിച്ച്‌ അതേ സ്‌കോറില്‍ സെറ്റ്‌ സ്വന്തമാക്കി മത്സരം തുല്യനിലയില്‍ എത്തിച്ചു. പിന്നീട്‌ മത്സരത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടമാണ്‌ നടന്നത്‌. മൂന്നാം സെറ്റില്‍ ഓരോ ഗെയിമിലും അടിയും തിരിച്ചടിയുമായി പൊരുതിയ ഇരുവരും പോരാട്ടം ടൈബ്രേക്കറിലേക്കു നീട്ടി.

തന്റെ പരിചയസമ്പത്ത്‌ മുഴുവന്‍ പുറത്തെടുത്ത്‌ കളിച്ച നദാല്‍ ഒടുവില്‍ 7-6ന്‌ സെറ്റ്‌ സ്വന്തമാക്കി. എന്നാല്‍ അതോടെ ക്ഷീണിച്ച സ്‌പാനിഷ്‌ താരത്തെ നാലാം സെറ്റില്‍ സിലിച്ച്‌ നിഷ്‌പ്രഭമാക്കിക്കളഞ്ഞു. തുടരെ തുടരെ നദാലിനെ ബ്രേക്ക്‌ ചെയ്‌ത സിലിച്ച്‌ 6-2ന്‌ നാലാം സെറ്റ്‌ സ്വന്തമാക്കി മത്സരം അവസാന സെറ്റിലേക്കു നീട്ടി.

നിര്‍ണായകമായ അഞ്ചാം സെറ്റില്‍ പക്ഷേ പരുക്ക്‌ അലട്ടിയതോടെ നദാലിന്‌ തുടക്കം തന്നെ പിഴച്ചു. 2-0ന്‌ സിലിച്ചിനോടു പിന്നിട്ടു നില്‍ക്കെ പേശിവലിവും വേദനയും കാരണം മത്സരം പൂര്‍ത്തിയാക്കാനാകാതെ നദാല്‍ പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക്‌ ജോക്കോവിച്ചും പുറത്തായിരുന്നു. ഇതോടെ നിലവിലെ ജേതാവായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിന്‌ കിരീടം നേടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്‌. ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തോമസ്‌ ബെര്‍ഡിച്ചിനെയാണ്‌ ഫെഡറര്‍ നേരിടുക.

ഇന്നലെ നടന്ന മറ്റു രണ്ടു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ പുരുഷന്മാരില്‍ മൂന്നാം സീഡ്‌ ബള്‍ഗേറിയയുടെ ഗ്രിഗറി ദിമിത്രോവിനെ തോല്‍പിച്ച്‌ ബ്രിട്ടന്റെ കൈല്‍ എഡ്‌മണ്ട്‌ സെമിയില്‍ കടന്നു. 6-4, 3-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു എഡ്‌മണ്ടിന്റെ ജയം. വനിതാ വിഭാഗത്തില്‍ യുക്രൈയ്‌ന്റെ എലിന സ്വിറ്റോലിനയെ തോല്‍പിച്ച്‌ ബല്‍ജിയത്തിന്റെ എലിസ്‌ മെര്‍ട്ടെന്‍സും സെമിയിലെത്തി. 6-4, 6-0 എന്ന സ്‌കോറിനായിരുന്നു മെര്‍ട്ടന്‍സിന്റെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here