അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഇന്ത്യ- ഓസീസ്‌ ഫൈനല്‍

0
250

ക്രൈസ്‌റ്റ്ചര്‍ച്ച്‌: ചിരവൈരികളായ പാകിസ്‌താനെ 203 റണ്‍സിനു തകര്‍ത്ത്‌ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ ക്രൈസ്‌റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യന്‍ ചുണക്കുട്ടികള്‍ നിശ്‌ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 272 റണ്‍സാണ്‌ നേടിയത്‌.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താന്‍ 29.3 ഓവറില്‍ വെറും 69 റണ്‍സിനു പുറത്താകുകയായിരുന്നു. ശനിയാഴ്‌ച നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ്‌ ഇന്ത്യയുടെ എതിരാളികള്‍.

ആവേശകരമായ ഇന്ത്യ-പാക്‌ പോരാട്ടത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ നിഷ്‌പ്രഭരാക്കിയാണ്‌ ഇന്ത്യന്‍ യുവനിരയുടെ കുതിപ്പ്‌. ബാറ്റിങ്ങില്‍ സെഞ്ചുറി നേടിയ മധ്യനിര താരം ശുഭ്‌മന്‍ ഗില്ലിന്റെയും ബൗളിങ്ങില്‍ ആറ്‌ ഓവറില്‍ 17 റണ്‍സ്‌ മാത്രം വിട്ടു നല്‍കി നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറേലിന്റെയും മികച്ച പ്രകടനമാണ്‌ ഇന്ത്യക്കു തുണയായത്‌.

94 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളോടെ 102 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ഗില്ലിന്റെ ചുമലിലേറിയാണ്‌ ഇന്ത്യ മികച്ച സ്‌കോറിലേക്കു കുതിച്ചത്‌. ഒന്നാം വിക്കറ്റില്‍ നായകന്‍ പൃഥ്വി ഷായും മന്‍ജോത്‌ കല്‍റയും ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌.

പൃഥ്വി 42 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ്‌ നേടിയപ്പോള്‍ 59 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളോടെ 47 റണ്‍സാണ്‌ കല്‍റ നേടിയത്‌. 15.3 ഓവറില്‍ ഇവര്‍ 89 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി.

വിക്കറ്റ്‌ നഷ്‌ടമില്ലാതെ 89 എന്ന നിലയില്‍ നിന്ന്‌ 77 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ പൊഴിഞ്ഞെങ്കിലും ഒരറ്റം കാത്തുസൂക്ഷിച്ച ഗില്‍ ടീമിനെ കരകയറ്റുകയായിരുന്നു. വാലറ്റത്ത്‌ ചങ്കൂറ്റം കാട്ടിയ അനുകുല്‍ റോയിയെ കൂട്ടുപിടിച്ചായിരുന്നു ഗില്ലിന്റെ രക്ഷാപ്രവര്‍ത്തനം.

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ കൂട്ടിച്ചേര്‍ത്ത 67 റണ്‍സാണ്‌ ഇന്ത്യയെ 200 കടത്തിയത്‌. റോയി 45 പന്തില്‍ നിന്ന്‌ 33 റണ്‍സ്‌ നേടി പുറത്തായപ്പോള്‍ ഗില്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

10 ഓവറില്‍ 67 റണ്‍സ്‌ വഴങ്ങി നാലു വിക്കറ്റ്‌ നേടിയ മുഹമ്മദ്‌ മൂസയും 51 റണ്‍സ്‌ വിട്ടുനില്‍കി മൂന്നു വിക്കറ്റ്‌ നേടിയ അര്‍ഷാദ്‌ ഇഖ്‌ബാലുമാണ്‌ പാക്‌ ബൗളിങ്‌ നിരയില്‍ തിളങ്ങിയത്‌.

തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താന്‌ ഇന്ത്യയുടെ തീപാറുന്ന ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനേ കഴിഞ്ഞില്ല. കേവലം രണ്ടു പേര്‍ മാത്രമാണ്‌ പാക്‌ നിരയില്‍ രണ്ടക്കം കടന്നത്‌. 39 പന്തില്‍ നിന്ന്‌ 18 റണ്‍സ്‌ നേടിയ റൊഹൈല്‍ നാസിറാണ്‌ അവരുടെ ടോപ്‌സ്കോറര്‍. 33 പന്തില്‍ നിന്ന്‌ 15 റണ്‍സ്‌ നേടിയ സാദ്‌ ഖാനാണ്‌ മറ്റൊരു പ്രധാന സ്‌കോറര്‍.

ഇന്ത്യക്കു വേണ്ടി പോറേലിനു പുറമേ റിയാന്‍ പരാഗ്‌ നാലു ഓവറില്‍ ആറു റണ്‍സ്‌ രണ്ടും ശിവ സിങ്‌ എട്ടു ഓവറില്‍ 20 റണ്‍സ്‌ വഴങ്ങി രണ്ടും വിക്കറ്റ്‌ നേടി. അനുകൂല്‍ സുധാകര്‍ റോയ്‌, അഭിഷേക്‌ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും. സ്വന്തമാക്കി.

ഇന്നലത്തേതടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം വന്‍ ജയം സ്വന്തമാക്കിയാണ്‌ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഓസീസിനെ 100 റണ്‍സിനു തോല്‍പിച്ചു തുടങ്ങിയ ഇന്ത്യ തുടര്‍ന്നു രണ്ടു ഗ്രൂപ്പ്‌ മത്സരങ്ങളില്‍ പാപുവ ന്യൂഗിനി, സിംബാബ്‌വെ എന്നിവര്‍ക്കെതിരെ പത്തു വിക്കറ്റ്‌ ജയം നേടിയാണ്‌ ക്വാര്‍ട്ടറില്‍ കടന്നത്‌.

ഗ്രൂപ്പ്‌ ഘട്ടത്തിലെ പ്രകടനം അതേപടി നോക്കൗട്ടിലും തുടര്‍ന്ന ഇന്ത്യന്‍ യുവനിര ക്വാര്‍ട്ടറിലും മോശമാക്കിയില്ല. ബംഗ്ലദേശിനെ തോല്‍പിച്ചത്‌ 131 റണ്‍സിന്‌. പിന്നാലെ ഇന്നലെ പാകിസ്‌താനെയും വീഴ്‌ത്തിയ ഇന്ത്യക്ക്‌ നാലാം ലോകകിരീടം ഒരു ജയം മാത്രം അകലെ.

LEAVE A REPLY

Please enter your comment!
Please enter your name here