രോഹന്‍ തിളങ്ങി; കേരളത്തിന്‌ ആദ്യ ജയം

0
36

ധരംശാല: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‌ ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ത്രിപുരയെ നാലു വിക്കറ്റിനാണ്‌ കേരളം പരാജയപ്പെടുത്തിയത്‌.

ധരംശാല ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ്‌ നേടിയ കേരളം ത്രിപുരയെ ബാറ്റിങ്ങിന്‌ അയയ്‌ക്കുകയായിരുന്നു. നിശ്‌ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 231 റണ്‍സാണ്‌ അവര്‍ നേടിയത്‌.

54 പന്തില്‍ നിന്ന്‌ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 61 റണ്‍സ്‌ നേടിയ നായകന്‍ മുര സിങ്ങിന്റെ മികവിലാണ്‌ അവര്‍ മാന്യമായ സ്‌കോറിലെത്തിയത്‌. നായകനു പുറമേ 46 റണ്‍സ്‌ നേടിയ ആര്‍.എ. ഡേ, 35 റണ്‍സ്‌ നേടിയ മജൂംദാര്‍, 33 റണ്‍സ്‌ നേടിയ പട്ടേല്‍ എന്നിവരും തിളങ്ങി.

കേരളത്തിനു വേണ്ടി എം.ഡി. നിധീഷ്‌ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ അഭിഷേക്‌ മേനോന്‍ രണ്ടും ജലജ്‌ സക്‌സേന, കെ.സി. അക്ഷയ്‌ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 45.1 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 66 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളോടെ 52 റണ്‍സ്‌ നേടിയ രോഹന്‍ പ്രേമാണ്‌ കേരളത്തിന്റെ ടോപ്‌സ്കോറര്‍. 47 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍, 40 റണ്‍സ്‌ നേടിയ ഓപ്പണര്‍ വിഷ്‌ണു വിനോദ്‌, 37 റണ്‍സ്‌ നേടിയ സഞ്‌ജു സാംസണ്‍ 27 റണ്‍സ്‌ നേടിയ നായകന്‍ സച്ചിന്‍ ബേബി എന്നിവരും കേരളാ നിരയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here