ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും

0
93

 

48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും. ബോളിവുഡ് താരം ഷാരുഖ് ഖാൻ മേളക്ക് തിരി തെളിയിക്കും. മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൌഡ്സ് ആണ് ഉദ്ഘാടന ചിത്രം.
പനാജിക്ക് സമീപം ബംബോളിമിലെ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജീ സ്റ്റേഡിയത്തിലാകും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനും ഒപ്പം ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ഷാഹിദ് കപൂര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങില്‍ അമിതാഭ് ബച്ചന് ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡും കനേഡിയന്‍ സംവിധായകന്‍ അറ്റോം ഇഗോയന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും സമ്മാനിക്കും. ഇറാന്‍ സംവിധായകന്‍ മജീദ് മജീദി ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ബിയോണ്ട് ദ ക്ലൌഡ്സ് ആണ് ഉദ്ഘാടന ചിത്രം. കല അക്കാദമിയിലും മാക്വിനിസ് പാലസിലുമായി നടക്കുന്ന മേളയില്‍ 85 രാജ്യങ്ങളില്‍ നിന്നായി 195 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണുള്ളത്.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളാണുള്ളത്. മലയാളചിത്രം ടേക്ക് ഓഫ് ഇന്ത്യന്‍ പനോരമക്കൊപ്പം മത്സര വിഭാഗത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടേക്ക് ഓഫിനൊപ്പം സുവര്‍ണമയൂരത്തിനായി മറാത്തി ചിത്രം കച്ച ലിംബു, അസമീസ് ചിത്രം വില്ലേജ് റോക്സ്റ്റാർ എന്നീ ഇന്ത്യന്‍ സിനിമകളും മത്സരിക്കും. ചൊവ്വാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പനോരമ വിഭാഗം നടി ശ്രീദേവി ഉദ്ഘാടനം ചെയ്യും. പിഹു ആകും ഉദ്ഘാടനചിത്രം. 28ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സല്‍മാന്‍ ഖാൻ മുഖ്യാതിഥിയാകും. മേളയില്‍ നിന്ന് ജൂറിയുടെ സമ്മതമില്ലാതെ രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കിയതിലും പത്മാവതിക്കെതിരെ ഉയർന്ന ഭീഷണികളിലും പ്രതിഷേധിച്ച് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകർ മേള ബഹിഷ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here