സാമ്പത്തിക സംവരണ കേസ്: ഇന്ന് നിർണായക സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നേരത്തെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒരാഴ്ച്ചയോളമാണ് കേസില്‍ വാദം കേട്ടത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ എത്തിയത്.

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.

ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്‌എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്നാക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.