ഗ്രാവിറ്റാസിനെ ഈ വര്‍ഷം ഓഗസ്റ്റില്‍ വില്‍പ്പനക്കെത്തിച്ചേക്കുമെന്ന് ടാറ്റ മോട്ടോര്‍സ്

ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് തങ്ങളുടെ പുതിയ ആറ് സീറ്റർ എസ്‌യുവിയായ ഗ്രാവിറ്റാസിനെ ഈ വർഷം ഓഗസ്റ്റിൽ വിൽപ്പനക്കെത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ സമാപിച്ച ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ ഔദ്യോഗികമായി കമ്പനി വിപണിയിൽ അവതരിപ്പിച്ചത്.

അഞ്ച് സീറ്റർ എസ്‌യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റർ ഗ്രാവിറ്റാസ്. ഇത് ടാറ്റയുടെ മുൻനിര എസ്‌യുവിയായി വിപണിയിൽ സ്ഥാനം പിടിക്കും. നിലവിലുള്ള അഞ്ച് സീറ്റർ മോഡലുകളുടെ അതേ ഒമേഗ (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

ഹാരിയർ എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രാവിറ്റസിന് 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്റർ ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികൾക്കും വീൽബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

ഹാരിയറും ഗ്രാവിറ്റാസും തമ്മിലുള്ള പ്രധാന വ്യത്യാസം വ്യക്തമായും അധിക ഇരിപ്പിടത്തിന്റെ രൂപത്തിലാണ്. മൂന്നാം നിരയിലെ സീറ്റുകൾ ഉൾക്കൊള്ളുന്നതിനും വിപുലമായ റിയർ ഓവർഹാങ്ങും ഉയരമുള്ള മേൽക്കൂരയും മാറ്റിനിർത്തിയാൽ ഹാരിയറിന് സമാനമായ ഡിസൈൻ സൂചകങ്ങൾ വാഹനത്തിൽ ഇടംപിടിക്കുന്നു.

കഴിഞ്ഞ മാർച്ചിൽ നടന്ന 2019 ജനീവ മോട്ടോർ ഷോയിലാണ് ബസാർഡ് എന്ന പേരൽ ഗ്രാവിറ്റാസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ടാറ്റ ബ്രാൻഡിന്റെ പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ആറ് സീറ്റർ എസ്‌യുവി തീർച്ചയായും സഹായിക്കും.

ബിഎസ്-VI 2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് 70 ഡീസൽ എഞ്ചിനാണ് ഗ്രാവിറ്റാസ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് 170 bhp പരമാവധി പവറും 350 Nm torque ഉം ഉ്തപാദിപ്പിക്കുന്നു. ഈ ഫിയറ്റ് സോഴ്‌സ്‌ഡ് നാല് സിലിണ്ടർ എഞ്ചിൻ ടാറ്റ ഗ്രാവിറ്റസിന്റെ എതിരാളികളായ ജീപ്പ് കോമ്പസ്, എംജി ഹെക്ടർ എന്നിവയിലും ലഭ്യമാണെന്നത് ശ്രദ്ധേയമാണ്.

സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കുന്നു. ഹ്യുണ്ടായിയിൽ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉയർന്ന വകഭേദങ്ങളിൽ ഓപ്ഷനായി നൽകും. 17 ലക്ഷം മുതൽ 21.5 ലക്ഷം രൂപ വരെയായിരിക്കും ഗ്രാവിറ്റാസിന്റെ എക്സ്ഷോറൂം വില.

ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയെ അടിസ്ഥാനമാക്കി എത്തുന്ന ആറ് സീറ്റർ ഗ്രാവിറ്റാസിൽ 17 ഇഞ്ച് അലോയ് വീലുകൾ, വലിയ ക്വാർട്ടർ ഗ്ലാസ് ഏരിയ, പുനസ്ഥാപിച്ച എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇടംപിടിച്ചിരിക്കുന്നു.

വാഹനത്തിന്റെ അകത്തളത്ത് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് സ്പീക്കർ ഓഡിയോ, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.

അവസാന വരിയിൽ വ്യക്തിഗത ബ്ലോവർ നിയന്ത്രണങ്ങളുള്ള സമർപ്പിത എയർ കണ്ടീഷനിംഗ് വെന്റുകളും മിഡിൽ ക്യാപ്റ്റൻ സീറ്റുകൾക്ക് 60:40 സ്പ്ലിറ്റ് സജ്ജീകരണവും സ്ലൈഡിംഗ് പ്രവർത്തനവും ഉൾപ്പെടുത്തിയിരിക്കുന്നു. ടാറ്റ ഗ്രാവിറ്റാസിൽ, ശ്രദ്ധേയമായ മറ്റൊരു ഉപകരണമാണ് ഇ-പാർക്കിംഗ് ബ്രേക്ക്.

ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്രുറാസ് G4, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ വാഹനങ്ങളായിരിക്കും ആഭ്യന്തര വിപണിയിൽ ഗ്രാവിറ്റാസിന്റെ പ്രധാന എതിരാളികൾ.

Comments are closed.