പൊലീസിന്റെ കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ ഉണ്ടകള്‍ കണ്ടെത്തിയ കേസില്‍ എസ്.ഐ അറസ്റ്റിലായി

തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ എസ്.ഐ അറസ്റ്റിലായി. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ ഉണ്ടകള്‍ നിര്‍മ്മിച്ച് ആയുധശേഖരത്തില്‍ നിറച്ച കേസില്‍ എസ്.ഐ റെജി ബാലചന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെടിയുണ്ട കാണാതായ സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 11 പ്രതികളില്‍ ഒമ്പതാം പ്രതിയാണ്.

2014 മേയില്‍ തിരുവനന്തപുരം എസ്.എ.പിയിലെ ക്വാര്‍ട്ടര്‍ മാസ്റ്ററായിരിക്കെയാണ് , 350 ഡ്രില്‍ കാര്‍ട്രിജുകള്‍ കാണുന്നില്ലെന്ന് റെജി ബാലചന്ദ്രന്‍ മനസിലാക്കിയത്. രണ്ട് മാസത്തിന് ശേഷം 350 കൃത്രിമ ഡ്രില്‍ കാട്രിജുകള്‍ വ്യാജമായി നിര്‍മ്മിച്ച് ക്വാര്‍ട്ടര്‍ ഗാര്‍ഡില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ വ്യാജ കാട്രിജുകള്‍ നിര്‍മ്മിക്കുന്നതിനും, വെടിയുണ്ടകളും കാലി കെയ്‌സുകളും കാണാതായതിനും കൂട്ടുനിന്നവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കൂടുതല്‍ പ്രതികളും അറസ്റ്റും ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Comments are closed.