കോളേജുകളിലും സ്‌കൂളുകളിലും സംഘടനകള്‍ സമരവും ധര്‍ണയും പ്രകടനവും ഘെരാവോയും നടത്തുന്നത് നിരോധിച്ചു

കൊച്ചി: പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെയും സ്ഥാപന നടത്തിപ്പിനുള്ള മാനേജ്‌മെന്റിന്റെയും മൗലികാവകാശങ്ങള്‍ ലംഘിക്കാന്‍ സംഘടനകള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാനത്തെ കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവും ധര്‍ണയും പ്രകടനവും ഘെരാവോയും നടത്തുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ , പഠനത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്ലെന്നും ആരെയും നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്നും കാമ്പസില്‍ നിന്നും സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. സ്ഥാപന മേധാവികള്‍ വാക്കാലോ രേഖാമൂലമോ ആവശ്യപ്പെട്ടാല്‍ കാമ്പസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം. മാനേജുമെന്റുകളും രക്ഷാകര്‍തൃ സംഘനകളും സമര്‍പ്പിച്ച 26 ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് വിധി.വിദ്യാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും സമരങ്ങളും തടയാന്‍ മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല.

താല്പര്യമില്ലാത്തവരെ സമരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുക, സമരവും ധര്‍ണയും ഘെരാവോയും പ്രകടനവും മറ്റും തീരുമാനിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ യോഗം വിളിക്കുക, സ്‌കൂള്‍ വളപ്പില്‍ പൊലീസിന് എത്രത്തോളം ഇടപെടാം തുടങ്ങിയ കാര്യങ്ങളില്‍ പരിഹാരമുണ്ടാവണമെന്ന് കോടതി അറിയിച്ചു. അതേസമയം ഇക്കാര്യം ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Comments are closed.