വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും ഒരു സമരങ്ങളും പാടില്ലെന്ന വിധി ജനാധിപത്യത്തെ തന്നെ ബാധിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷനേതാവും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് ആവശ്യപ്പെട്ടത്.

പുതിയ സാഹചര്യത്തില്‍ അപ്പീലില്‍ തീരുമാനമായ ശേഷമേ സര്‍ക്കാറിന് ഓര്‍ഡിനന്‍സ് ഇറക്കാനാകൂ. നേരത്തെ ചില സ്വാശ്രയ കോളേജുകളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കലാലയ രാഷ്ട്രീയം ആവശ്യമാണെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സമരങ്ങളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കുമ്പോള്‍ വിദ്യാര്‍ത്ഥി സംഘനടകള്‍ മാത്രമല്ല വെട്ടിലായത്. കലാലയങ്ങളിലെ രാഷ്ട്രീയവും യൂണിയന്‍ പ്രവര്‍ത്തനവും നിയമവിധേയമാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാറിനും ഇത് തിരിച്ചടിയാണ്. അതേസമയം ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് നിയമവകുപ്പിന്റെ പരിഗണനയിലുണ്ട്.

Comments are closed.