ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള വെള്ളക്കെട്ടിൽ വീണ് ബാലികയുടെ മരണം; ഗുരുതര വീഴ്ചയെന്ന് എംപി

കൊല്ലം : ഞാങ്കടവ് ശുദ്ധജല പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള വെള്ളക്കെട്ടിൽ വീണു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ ബാലികയുടെ  കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. വടക്കേവിള പഞ്ചായത്ത് വിളപുത്തൻവീട്ടിൽ കണ്ണന്റെ മകളും മീനാക്ഷി വിലാസം സ്കൂളിലെ 4ാംക്ലാസ് വിദ്യാർഥിയുമായ കാവ്യകണ്ണൻ(10)ആണ് മരിച്ചത്.

കാവ്യയുടെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും  ആശ്വസിപ്പിച്ച എംപി, സംഭവത്തിൽ അധികൃതരുടെ ഗുരുതര വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നു പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കരാറുകാരും പദ്ധതി നടപ്പാക്കുന്ന കൊല്ലം കോർപറേഷനും ഗുരുതര വീഴ്ച വരുത്തിയതായി പ്രേമചന്ദ്രൻ എം.പി ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11നാണ് അപകടം. കണ്ണനും കുടുംബവും 3 വർഷമായി സംഭവ സ്ഥലത്തിനു സമീപത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. കാവ്യയും ഇളയ സഹോദരിയും വെള്ളക്കെട്ടിനു സമീപത്തു കൂടി നടക്കുമ്പോൾ കാവ്യ കാൽ വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി നിലവിളിച്ചെങ്കിലും ആരും  കേട്ടില്ല. ആരും എത്താത്തിനെത്തുടര്‍ന്ന് സഹോദരി ഓടി അകലെയുള്ള ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ബന്ധു വീട്ടുകാരും നാട്ടുകാരും എത്തിയാണ് കുട്ടിയെ വെള്ളക്കെട്ടില്‍ നിന്നു പുറത്തെടുത്തത്. ഉടന്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും  മരിച്ചു. കരാറുകാർ കുഴി വെട്ടുമ്പോൾ ചെയ്യേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ല; കുളത്തിനു സമീപം സംരക്ഷിത വേലി സ്ഥാപിച്ചിരുന്നില്ല. കുഴിയെടുത്ത മണ്ണ് ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.

ഇതിനു മുകളിലൂടെ നടന്നപ്പോഴാണ് കാവ്യ കാൽവഴുതി വെള്ളക്കെട്ടിലേക്ക് വീണത് .
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു കാവ്യ. ചിത്ര രചന, കവിതാ രചന എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ച കാവ്യ,  ഉപജില്ലാ കലോത്സവത്തിൽ ഒട്ടേറെ സമ്മാനങ്ങളും നേടിയിട്ടുണ്ട്.  പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. അമ്മ:ബിന്ദു. സഹോദരി: കാർത്തിക.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.