നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ കോടതിയില്‍

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളായ സിനിമാരംഗത്തെ പ്രമുഖരുടെ സാക്ഷിവിസ്താരമാണ് ഇന്ന് നടക്കുന്നത്. തുടര്‍ന്ന് മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യ കോടതിയില്‍ എത്തി. മഞ്ജു വാര്യര്‍, നടന്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ വിസ്താരമാണ് ഇന്നു നിശ്ചയിച്ചിട്ടുള്ളത്. അതേസമയം നാളെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറ്റന്നാള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മാര്‍ച്ച് നാലിനു റിമി ടോമിയും മൊഴി നല്‍കാനെത്തുന്നതാണ്.

ആക്രമിക്കപ്പെട്ട നടിയുമായും പ്രതി ദിലീപുമായും ഒരേപോലെ ബന്ധവും പരിചയവും ഉള്ളവരാണു മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം. എന്നാല്‍ മഞ്ജു നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്നാണു പ്രോസിക്യൂഷന്റെ പ്രതീക്ഷ. പള്‍സര്‍ സുനിക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. ഇന്നലെ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വണ്ടിയുടെ ഉടമ, വാടകയ്ക്കു വണ്ടിയെടുത്തയാള്‍, ഫോണ്‍ വാങ്ങിക്കൊടുത്തയാള്‍ എന്നിങ്ങനെ 13 പേരുടെ വിസ്താരമാണു നടന്നത്.

അതേസമയം ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. തുടര്‍ന്നാണു ദിലീപിലേക്ക് അന്വേഷണം എത്തിയതും അറസ്റ്റിലാകുന്നതും.

Comments are closed.