ഹ്യുണ്ടായുടെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് മൂന്നാം തലമുറ ശ20 എത്തുന്നു

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി വരാനിരിക്കുന്ന തങ്ങളുടെ പുതിയ മൂന്നാംതലമുറ മോഡലിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുത്തി. അടുത്ത മാസം നടക്കാനിരിക്കുന്ന ജനീവ മോട്ടോർ ഷോയിൽ പ്രീമിയം ഹാച്ച്ബാക്ക് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

ഷാർപ്പ് ഡിസൈനാണ് പുതിയ ഹ്യുണ്ടായി i20 യുടെ അകത്തളത്ത് അവതരിപ്പിക്കുന്നത്. കൂടാതെ പുതിയതും മികച്ചതുമായ സവിശേഷതകളുമായി വാഹനം വിപണിയിൽ ഇടംപിടിക്കും.

10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിൾ, ഫോക്‌സ് എസി വെന്റുകൾ, ഭാരം കൂടിയ നാല് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് വാഹനത്തിന്റെ ഫീച്ചറുകൾ.

ഹ്യുണ്ടായി എല്ലായ്പ്പോഴും തങ്ങളുടെ വാഹനങ്ങളുടെ ഇന്റീരിയറുകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താറുണ്ട്. പുതിയ പ്രീമിയം ഹാച്ച്ബാക്കിന്റെ ഇന്റീരിയറിലും ഇത് കാണാൻ സാധിക്കും. അതിനാൽ ഈ വിഭാഗത്തിലെ i20 യുടെ പ്രധാന എതിരാളി മോഡലുകളായ മാരുതി ബലേനോ, ടാറ്റ ആൾട്രോസ് തുടങ്ങിയവയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ മോഡലിലൂടെ കമ്പനിക്ക് സാധിക്കും.

1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും പുതിയ മൂന്നാം തലമുറ i20 വിപണിയിൽ എത്തുക. ഇവ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാകും എത്തുക.

ആഗോളതലത്തിൽ, ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉണ്ടാകും. ഇത് ഇന്ത്യയിൽ എത്തുന്ന മോഡലിൽ ലഭ്യമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവലുമായി ഘടിപ്പിക്കും. മൂന്ന് മോഡലുകൾക്കും ഓപ്ഷണലായി ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഉണ്ടാകും.

2020 ഹ്യുണ്ടായി i20 മോഡലുകളിലെ സുരക്ഷാ സവിശേഷതകളിൽ ഇബിഡിയോടുകൂടിയ എബിഎസ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡ്രൈവ് അറ്റേൻഷൻ മുന്നറിയിപ്പ്, ഡ്യുവൽ എയർബാഗുകൾ, ആന്റി തെഫ്റ്റ് അലാറം, സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് അലാറങ്ങൾ, ക്രാഷ് & പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു.

നിലവിൽ പുതിയ i20 യുടെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. ഈ വർഷം ജൂൺ അല്ലെങ്കിൽ ജൂലൈയിൽ വാഹനം രാജ്യത്ത് വിൽപ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിന് 5.60 ലക്ഷം മുതൽ 9.41 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ 2020 മോഡലുകൾക്ക് 6.60 ലക്ഷം മുതൽ 10.41 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ കമ്പനി 2020 ട്യൂസോൺ മോഡലുകളുടെ ബുക്കിംഗ് 25,000 രൂപയ്ക്ക് ഔദ്യോഗികമായി സ്വീകരിച്ചുതുടങ്ങി. നിരവധി പരിഷ്ക്കരണങ്ങളുമായാണ് എസ്‌യുവിയുടെ ഫെയ്‍‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നത്.

Comments are closed.