എ-ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്
പുതിയ എൻട്രി ലെവൽ സെഡാനായ എ-ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്. രണ്ട് ലക്ഷം രൂപയാണ് വാഹനത്തിന് ബുക്കിംഗ് തുകയായി നൽകേണ്ടത്. ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ മെർസിഡീസ് ബെൻസ് എ-ക്ലാസ് ലിമോസിൻ അടുത്തിടെ സമാപിച്ച 2020 ഓട്ടോ എക്സ്പോയിലൂടെയാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ജർമ്മൻ ആഢംബര വാഹന നിർമാതാക്കളുടെ നിരയിലെ സി-ക്ലാസിന് താഴെയായാകും സെഡാൻ ഇടംപിടിക്കുക.
എഞ്ചിൻ ഓഫറിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളിലായിരിക്കും പുതിയ ബെൻസ് എ-ക്ലാസ് ലിമോസിൻ വിപണിയിൽ എത്തുക. ഇതിൽ എഎംജി മോഡലും ഉൾപ്പെടുന്നു. എ-ക്ലാസ് ലിമോസിനിലെ മൂന്ന് എഞ്ചിനുകളും ഇന്ത്യയുടെ ഏറ്റവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കും.
എ-ക്ലാസ് സെഡാൻ അകത്തും പുറത്തുമായി നിരവധി സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, മോഡലിനെ ആശ്രയിച്ച് 16 ഇഞ്ച് മുതൽ 19 ഇഞ്ച് വരെയുള്ള സ്റ്റൈലിഷ് ലുക്കിംഗ് അലോയ് വീലുകൾ, ചരിഞ്ഞ കൂപ്പ് പോലുള്ള മേൽക്കൂര, ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള നേർത്ത ORVM എന്നിവയെല്ലാം പ്രധാന ആകർഷണങ്ങളാണ്.
മെർസിഡീസ് ബെൻസ് എ-ക്ലാസ് ലിമോസിൻ അതിന്റെ ക്യാബിൻ അതിന്റെ ഹാച്ച്ബാക്ക് മോഡലുമായി സാമ്യമുള്ളതായിരിക്കും. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റോട്ടർ പോലുള്ള രൂപകൽപ്പനയുള്ള സിഗ്നേച്ചർ ക്രോം എസി വെന്റുകൾ, പിയാനോ-ബ്ലാക്ക് ഫിനിഷ് ഡാഷ്ബോർഡ്, സെന്റർ കൺസോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ എൻട്രി ലെവൽ സെഡാനിൽ ബ്രാൻഡിന്റെ മെർസിഡീസ് ബെൻസ് യൂസർ എക്സ്പീരിയൻസ് (MBUX) കണക്റ്റുചെയ്ത സാങ്കേതികവിദ്യയും ഉൾപ്പെടുത്തും.
ജർമ്മൻ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന നിരവധി ഉൽപ്പനങ്ങളിൽ ഒന്ന് മാത്രമാണ് എ ക്ലാസ് ലിമോസിൻ.
അടുത്ത 12 മാസത്തിനുള്ളിൽ ഇന്ത്യയിൽ 10 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പട്ടികയിലെ ആദ്യത്തെ മോഡലായിരുന്നു കഴിഞ്ഞ മാസം അവതരിപ്പിച്ച GLE LWB എസ്യുവി. എ-ക്ലാസ് ലിമോസിൻ ഈ നിരയിലെ രണ്ടാമത്തെ വാഹനമാണ്.
അതോടൊപ്പം പരിഷ്ക്കരിച്ച മെർസിഡീസ് ബെൻസ് GLC കൂപ്പെ ഫെയ്സ്ലിഫ്റ്റിനെ കമ്പനി മാർച്ച് മൂന്നിന് ഇന്ത്യയിൽ പുറത്തിറക്കാനിരിക്കുകയാണ്. പുതുക്കിയ മോഡലിന്റെ വിലയും അന്നു തന്നെ കമ്പനി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ഈ വാഹനത്തെ അന്താരാഷ്ട്ര വിപണിയിൽ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.
എസ്യുവി-കൂപ്പെയുടെ AMG ഇതര പതിപ്പിനെ ആദ്യമായാണ് ഇന്ത്യയിൽ എത്തിക്കാൻ ജർമ്മൻ ആഢംബര വാഹന നിർമാതാക്കൾ തീരുമാനിക്കുന്നത്. പുതിയ മെർസിഡീസ് GLC കൂപ്പെയുടെ വില 55 ലക്ഷം മുതൽ 65 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments are closed.