സുപ്രീംകോടതി നിര്‍ദേശ പ്രകാരം ശബരിമല തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

ദില്ലി: തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ സുരക്ഷിതമല്ലന്ന് കൊച്ച് കോയിക്കല്‍ കൊട്ടാരം കോടതിയില്‍ ആശങ്ക പങ്കുവെച്ച സാഹചര്യത്തില്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ശബരിമല തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

രാവിലെ പത്ത് മണിയോടെയാണ് തിരുവാഭരണ പരിശോധനക്കായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ എത്തുകയും തുടര്‍ന്ന് കൊടിക്കൂറ, നെറ്റിപ്പട്ടം തുടങ്ങിയവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കല്‍ ആദ്യ ഘട്ടത്തില്‍ നടക്കുകയും ചെയ്തു. മാറ്റ്, തൂക്കം, എണ്ണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

മാറ്റ് നോക്കാനായി നെറ്റിപ്പട്ടത്തിലെ കുമിളകള്‍ ഇളക്കി പരിശോധിക്കണമെന്ന് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഒരാഴ്ച സമയം വേണ്ടി വരും. സ്വര്‍ണ പണിക്കാരടങ്ങുന്ന സംഘമാണ് തിരുവാഭരണങ്ങള്‍ പരിശോധിക്കുക. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികള്‍,ദേവസ്വം ബോര്‍ഡ് പ്രതിനിധി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന. ഒരു മാസത്തിനകം മുദ്രവെച്ച കവറില്‍ കോടതിക്ക് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്.

Comments are closed.