ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ല; ബാഹ്യമായ പരുക്കുകളൊന്നും തന്നെ മൃതദേഹത്തിൽ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്.

കൊല്ലം: പള്ളിമൻ ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെടുത്ത ആറ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ല. ബാഹ്യമായ പരുക്കുകളൊന്നും തന്നെ മൃതദേഹത്തിൽ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്.
വസ്ത്രങ്ങളെല്ലാം തന്നെ കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ല. അതേസമയം മരണത്തിൽ മറ്റ് അസ്വാഭാവികതയുണ്ടോയെന്ന കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് ഫോറൻസിക് വിദഗ്ധർ അറിയിച്ചു.

ദേവനന്ദയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. ആറ്റിൽ നിന്നും ലഭിച്ച ഷാൾ ദേവനന്ദയുടേതാണെന്ന് അമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടിയുടെ വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് രാവിലെ ഏഴേ മുക്കാലോടെ മൃതദേഹം ലഭിച്ചത്. അച്ഛൻ വിദേശത്തായതിനാൽ ദേവനന്ദയും അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി.

ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിന്ന് കളിക്കുകയായിരുന്നു.
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. മകളെ കാണാനില്ലെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. എന്നാൽ ജീവനറ്റ മകളുടെ ശരീരമാണ് പ്രദീപിന് കാണാനായത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.