കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് ; വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല രജിസ്ട്രാറെ ഉപരോധിച്ചു

കാലടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി എംപിഇഎഡിന് ചേര്‍ന്ന 37 വിദ്യാര്‍ത്ഥികളെ മറ്റൊരു കോഴ്‌സിലേക്ക് മാറാന്‍ സര്‍വ്വകലാശാല നിര്‍ബന്ധിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല രജിസ്ട്രാറെ ഉപരോധിച്ചു. കായിക അധ്യാപകരാകാനുള്ള യോഗ്യത നല്‍കുന്ന മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്ന പിജി കോഴ്‌സിനാണ് അംഗീകാരം നഷ്ടമായത്. 2013 മുതലാണ് കാലടി സര്‍വ്വകലാശാലയില്‍ കോഴ്‌സ് ആരംഭിക്കുന്നത്.

എന്നാല്‍ ആവശ്യത്തിന് അധ്യാപകരോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ഈ കോഴ്‌സ് നിര്‍ത്തലാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവെച്ചു കൊണ്ടാണ് മാര്‍ച്ചില്‍ ഇതേ കോഴ്‌സില്‍ സര്‍വ്വകലാശാല വീണ്ടും അഡ്മിഷന്‍ നടത്തിയിരുന്നത്. അതേസമയം നാക് അക്രഡിറ്റേഷനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം മനസ്സിലാക്കുന്നത്.

ഇതോടെ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് എന്ന നോണ്‍ പ്രൊഫഷണല്‍ കോഴ്‌സിലേക്ക് മാറണമെന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. ഈ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് കായിക അധ്യാപകരാകാനുള്ള യോഗ്യത കിട്ടില്ല. കോഴ്‌സ് മാറാന്‍ തയാറാകാത്തവര്‍ക്ക് പഠനം മതിയാക്കിപ്പോകാമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തുടര്‍ന്ന് ഓരോ സെമസ്റ്ററിലും പതിനായിരം രൂപ വീതം ഫീസ് ഈടാക്കിയാണ് സര്‍വ്വകലാശാല കോഴ്‌സ് നടത്തിയിരുന്നത്. വൈസ് ചാന്‍സിലര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും പറയുന്നുണ്ട്. അതേസമയം കെഎസ്‌യു പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Comments are closed.