പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒരു പാകിസ്താന്‍ ഭീകരന്‍ കൂടി അറസ്റ്റില്‍

ന്യുഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒരു പാകിസ്താന്‍ ഭീകരന്‍ കൂടി അറസ്റ്റില്‍. വെള്ളിയാഴ്ച പുല്‍വാമയിലെ ഫര്‍ണീച്ചര്‍ ഷോപ് ഉടമയായ ജെയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ ഷകീര്‍ ബഷീര്‍ മാഗ്രെ (22)യെ ആണ് എന്‍.ഐ.എ പിടികൂടിയത്. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ചാവേറായി പൊട്ടിത്തെറിച്ച അദില്‍ അഹമ്മദ് ദറിന് താമസവും മറ്റ് സഹായങ്ങളും നല്‍കിയതിനാണ് ഇയാള്‍ അറസ്റ്റിലായത്. പാകിസ്താനി ഭീകരനായ മുഹമ്മദ് ഉമര്‍ ഫാറൂഖ് ആണ് 2018ല്‍ അദില്‍ അഹമ്മദ് ദറിനെ ഷകീര്‍ മാഗ്രെയ്ക്ക് പരിചയപ്പെടുത്തിയത്. മാഗ്രെ പിന്നീട് ജെയ്ഷെയില്‍ ചേര്‍ന്നു.

ജെയ്ഷെ ഭീകരര്‍ക്ക് ആയുധങ്ങളും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പണവും ഇയാള്‍ ശേഖരിച്ചു നല്‍കിയെന്നുമാണ് വിവരം. അതേസമയം അദില്‍ അഹമ്മദ് ദറിനെയും മുഹമ്മദ് ഉമര്‍ ഫാറൂഖിനെയും 2018 അവസാനം മുതല്‍ പുല്‍വാമ ആക്രമണം വരെ തന്റെ വീട്ടില്‍ താമസിപ്പിച്ചുവെന്നും ഐഇഡി തയ്യാറാക്കുന്നതിന് സഹായിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി. അമോണിയം നൈട്രേറ്റ്, നൈട്രോസെറിന്‍, ആര്‍.ഡി.എക്സ് എന്നിവ ചേര്‍ത്താണ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്ന് ഫോറന്‍സിക് പരിശോധനയിലും ബോധ്യപ്പെട്ടിരുന്നു.

അദില്‍ അഹമ്മദ് ദര്‍ ആണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് അയാളുടെ പിതാവില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഭീകരന്‍ ജെയ്ഷെ സൗത്ത് കശ്മീര്‍ ഡിവിഷണല്‍ കമാന്‍ഡര്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Comments are closed.