തൃക്കൊടിത്താനത്ത് ലഹരിവിമോചന കേന്ദ്രത്തില്‍ മൂന്ന് അന്തേവാസികള്‍ ഒരാഴ്ചയ്ക്കിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ലഹരിവിമോചന കേന്ദ്രത്തില്‍ മൂന്ന് അന്തേവാസികള്‍ ഒരാഴ്ചയ്ക്കിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. റിട്ട. ഹെഡ്കോണ്‍സ്റ്റബിള്‍ വി.സി.ജോസഫ് നടത്തുന്ന പുതുജീവന്‍ ട്രസ്റ്റ് ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രത്തില്‍ ക്ഷീണവും കാലില്‍ നീരുമായി ഇവിടെനിന്ന് ആശുപത്രികളിലേക്ക് മാറ്റിയവരാണ് മരിച്ചത്. അതേസമയം ആറു പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി കുറ്റിപ്പറമ്പില്‍ ഷെറില്‍ (44), തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര സ്വദേശി സി.ജി.ഗിരീഷ് (41), വാകത്താനം പുത്തന്‍ചന്ത താന്നിക്കല്‍ എബ്രഹാം യുഹാന്നോന്‍ (22) എന്നിവരാണ് മരിച്ചത്. മാനസിക രോഗികളടക്കം 72 അന്തേവാസികളാണിവിടുള്ളത്. ഇവരെ ചികിത്സിക്കാന്‍ 3 ഡോക്ടര്‍മാരും പരിചരിക്കാന്‍ 39 ജീവനക്കാരുമുണ്ട്.
കഴിഞ്ഞ ആഴ്ചമുതലാണ് രണ്ട് വനിതകളടക്കം 10 അന്തേവാസികള്‍ക്ക് തളര്‍ച്ചയും കാലിലും ഇടുപ്പിലും നീരും അനുഭവപ്പെടുകയും തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഷെറില്‍ മരിച്ചു. അസ്വാഭാവികത തോന്നാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം രോഗം മൂര്‍ച്ഛിച്ച ഗിരീഷിനെ 25നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശേപ്പിച്ചത്.
പിന്നാലെ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയെ ബന്ധുക്കളെത്തി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇയാളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് 26നും 27നും കോട്ടയം ഡി.എം.ഒയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലെത്തി പരിശോധിച്ച് രോഗലക്ഷണം കണ്ടവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്കു മാറ്റുകയായിരുന്നു.
Comments are closed.