മേഘാലയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം : മരണം മൂന്നായി ; പതിനാറ് പേര്‍ക്ക് പരിക്ക്

ഷില്ലോംഗ്: മേഘാലയയില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഖാസി സ്റ്റുഡന്‍സ് യൂണിയനും ചില സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തിയ പ്രതിഷേധ റാലിയിലെ സംഘര്‍ഷത്തില്‍ മരണം മൂന്നായി. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ചയാണ് മേഘാലയയിലെ ഷിലോങ്ങില്‍ സംഘര്‍ഷം തുടങ്ങിയത്. ഷില്ലോങ്ങിലാണ് രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മേഘാലയ സര്‍ക്കാര്‍ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി.

അതേസമയം ഇതര സംസ്ഥാനക്കാര്‍ക്ക് പ്രവേശിക്കാനുള്ള അനുമതിയായ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് മേഘാലയയിലാകെ ഏര്‍പ്പെടുത്തമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇതിനെ ഗോത്ര ഇതര വിഭാഗം എതിര്‍ത്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തില്‍ ഖാസി സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് ലുര്‍ഷോയ് ഹിന്നിവിറ്റ കൊല്ലപ്പെട്ടു.

Comments are closed.