വത്തിക്കാന്‍ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റര്‍ ലൂസികളപ്പുരയോട് മഠം വിട്ടുപോകാന്‍ രേഖാമൂലം അറിയിക്കും : എഫ്‌സിസി സഭ

വയനാട്: വത്തിക്കാന്‍ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റര്‍ ലൂസികളപ്പുരയോട് മഠം വിട്ടുപോകാന്‍ രേഖാമൂലം അറിയിക്കുമെന്ന് എഫ്‌സിസി സഭ. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ കാനോന്‍ നിയമമനുസരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര ഔദ്യോഗികമായി എഫ്‌സിസി സന്യാസിനി സമൂഹത്തില്‍നിന്നും പുറത്തായെന്നാണ് മഠം അധികൃതര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ മകളെ മഠത്തില്‍നിന്നും ഉടന്‍ വിളിച്ചുകൊണ്ടുപോകണം എന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്ററുടെ അമ്മയ്ക്ക് മഠം അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചേക്കും. എന്നാല്‍ മഠത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ നല്‍കിയ ഹര്‍ജിയില്‍ മാനന്തവാടി മുന്‍സിഫ് കോടതി എന്തു തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകം.

മാനന്തവാടി രൂപതയും സിസ്റ്റര്‍ ലൂസിക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കുകയാണ്. സിസ്റ്റര്‍ക്ക് എഫ്‌സിസി സഭാംഗമായതുകൊണ്ട് മാത്രം ലഭിക്കുന്ന സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ സഭയില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ റദ്ദാക്കാന്‍ ബന്ധപ്പെട്ട വകുപ്പധികൃതരോട് ആവശ്യപ്പെടാനും രൂപതാ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ നീതിനിഷേധത്തിനെ നിയമപരമായി നേരിടാനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ തീരുമാനം. അതേസമയം സഭാ അധികൃതര്‍ക്ക് ഇനി അപ്പീല്‍ നല്‍കാനില്ലെന്നും സിസ്റ്റര്‍ പറയുന്നു.

Comments are closed.