ഇടപ്പോണില്‍ രാത്രിയില്‍ വീടുകയറി അക്രമം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ചാരുംമൂട് : ഇടപ്പോണില്‍ രാത്രിയില്‍ വീടുകയറി അക്രമം നടത്തിയതിനെത്തുടര്‍ന്ന് അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് കരുതുന്ന രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായി. സംഭവത്തില്‍ വൃദ്ധ ദമ്പതികളടക്കം ആറ് പേര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. നൂറനാട് ഇടപ്പോണ്‍ തറയില്‍ സുകുമാരപിളള (75) ഭാര്യ കമലമ്മ (65) മക്കളായ അരുണ്‍ കുമാര്‍ ( 45 )അനില്‍കുമാര്‍ (35) ചെറുമകന്‍ അനന്ദു (14) മാവേലിക്കര കാടുമഠത്തില്‍ അനീഷ് (38) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ശനിയാഴ്ച രാത്രി 12 മണിയോടെ 9 അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടിന്റെ ജനാല ചില്ലുകളും മറ്റും തകര്‍ക്കുന്ന ശബ്ദം കേട്ട് ഉണരുമ്പോള്‍ ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. സംഭവ സമയം മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം നൂറ് വയസുള്ള സുകുമാര പിള്ളയുടെ മാതാവും വീട്ടിലുണ്ടായിരുന്നു.

ബഹളം കേട്ടുണര്‍ന്ന് വീടിന്റെ മുറ്റത്തു നില്‍ക്കുമ്പോളാണ് തിരികെ വന്ന അക്രമി സംഘം അനീഷിനെ മര്‍ദ്ദിച്ചത്. കുത്തിയോട്ടം കലാകാരനാണ് അനീഷ്. അതേസമയം അക്രമത്തിനിരയായവരും ബന്ധുക്കളായ അയല്‍ വീട്ടുകാരുമായി വഴിയെ ചൊല്ലി മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കം സംബന്ധിച്ച് നൂറനാട് പൊലീസില്‍ നല്‍കിയ പരാതികള്‍ കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പാക്കിയതിനു പിന്നാലെയാണ് അക്രമമുണ്ടായതെന്നും അനില്‍കുമാര്‍ പറയുന്നു.

Comments are closed.