വിദ്വേഷ പ്രസംഗം നടത്തിയ നാലു ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണം : സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യുഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന്റെ പശ്ചാത്താലത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേശ് വര്‍മ, അഭയ് വര്‍മ എം.എല്‍.എ എന്നീ നാലു ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അതിനാല്‍ കേസെടുക്കാന്‍ ഡല്‍ഹി പോലീസിന് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ ആണ് കോടതിയിലെ സമീപിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കുന്നതിന് ഉചിതമായ സമയമിതല്ലെന്നും മറുപടി നല്‍കാന്‍ നാലാഴ്ച സാവകാശം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ പകുതിയിലേക്ക് മാറ്റിയത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 13 വരെ നീട്ടിവച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി ആദ്യം ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റീസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചിരുന്നു. ജസ്റ്റീസ് എസ്. മുരളീധര്‍, ജസ്റ്റീസ് തല്‍വന്ത് സിംഗ് എന്നിവരുടെ ബെഞ്ച് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റീസ് മുരളീധരന്റെ സ്ഥലംമാറ്റ ഉത്തരവ് പിന്നാലെ വന്നത് വിവാദവുമായി. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.

Comments are closed.