ഗോവധ നിരോധനം ഏര്‍പ്പെടുത്തിയ ഗുജറാത്തില്‍ നിന്നും 1,00,490 കിലോ ബീഫ് പിടിച്ചെടുത്തതായി സംസ്ഥാന സര്‍ക്കാര്‍

ഗാന്ധിനഗര്‍: ഗോവധ നിരോധനം ഏര്‍പ്പെടുത്തിയ ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ 2018 ജനുവരി ഒന്നുമുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 1,00,490 കിലോ ബീഫ് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജ നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ പിടിച്ചെടുത്ത ബീഫില്‍ 73,507 കിലോ സൂറത്തില്‍നിന്നും 73 ശതമാനം അഹമ്മദാബാദില്‍നിന്നുമാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കൂടാതെ പശു മാസം കടത്തുന്നതിനായി ഉപയോഗിച്ച 3,462 വാഹനങ്ങള്‍ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം വല്‍സാദ്, നവസാരി ജില്ലകളില്‍ നിന്ന് പിടിച്ചെടുത്ത പശു മാംസത്തിന്റെ അളവും പശുകിടാങ്ങളുടെ എണ്ണവും സംബന്ധിച്ച് എംഎല്‍എ ജിതുഭായ് ചൗധരി ഉന്നയിച്ച ചോദ്യത്തിന്, പ്രതിപക്ഷം പശുക്കളെ സംരക്ഷിക്കുന്നവരോടൊപ്പമാണോ അതോ ഗോവധം അനുകൂലിക്കുന്നവര്‍ക്കൊപ്പമാണോ എന്ന് ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജ ചോദിച്ചു.

പശുക്കടത്തിന് പിടികൂടിയ വാഹനത്തില്‍ പാര്‍ട്ടി ചിഹ്നം പതിച്ചിരുന്നുവെന്ന ആരോപണം ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പശുക്കളുടെ പേരില്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമവും നിരോധന നിയമങ്ങളും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ ചൂണ്ടിക്കാട്ടി.

Comments are closed.